പുതുതലമുറ ബാങ്ക് ഉദ്യോഗത്തെപ്പറ്റി
Friday, April 16, 2021 11:40 PM IST
ഇപ്പോൾ ബാങ്കുജോലി ലഭിക്കുന്നവരിൽ ഏറെപ്പേരും ബിടെക്കുകാരാണ്. അടിസ്ഥാനപരമായി ബാങ്കുജോലിയോട് ആഭിമുഖ്യമുള്ളവരല്ല ആ ജോലിക്കു ചേരുന്നവരും അതിൽ തുടരുന്നവരും. അതുകൊണ്ടു വലിയ ആന്തരിക സംഘർഷങ്ങൾ വഹിച്ചു കൊണ്ടാണ് ബാങ്ക് ഉദ്യോഗസ്ഥർ ഭൂരിഭാഗവും കഴിഞ്ഞുപോകുന്നത്. മേലുദ്യോഗസ്ഥർ പൊതുവേ തൻകാര്യ നോട്ടക്കാരും ദുർഭരണക്കാരുമാണ്. ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെടാത്തവർക്ക്, പഠിച്ച പണി ചെയ്യാത്തവർക്ക് എങ്ങനെ സംതൃപ്തരായി ഒരു സ്ഥാപനത്തിൽ കഴിയാനൊക്കും ? ഐ.ടി. കൾച്ചറിനോട് ഇണങ്ങുന്നവർക്കു ബാങ്കുജോലി സഹിക്കാൻ പറ്റിയേക്കും. എന്നാൽ ഇന്നത്തെ ടെസ്റ്റുകൾ പാസായി ബാങ്കുജോലി നേടുന്ന ബിടെക്കുകാർ ഏറെയും അസന്തുഷ്ടരാണെങ്കിൽ അതിശയിക്കേണ്ട .
ഇന്നു ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്ന നല്ലൊരു ശതമാനം പേർ പ്രകൃത്യാ ആ പണി ഇഷ്ടമുള്ളവരല്ല. ബാങ്കിംഗിനോടു ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ചു വരുന്ന കുട്ടികളെ കൂടുതലായി ബാങ്കുജോലിക്ക് എടുക്കുക. അങ്ങനെ വന്നാൽ ബാങ്കിംഗ് മേഖലയിൽ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങൾ തെല്ലു കുറഞ്ഞെന്നുവരാം.
അടിയന്തരമായി പരിഹരിക്കേണ്ട അനേകം വിഷയങ്ങൾ ഈ മേഖലയിലുണ്ട്. സർക്കാരിന്റെ ജോലികൾ ബാങ്കുകാരെ കൊണ്ടു ചെയ്യിക്കുന്നതിൽ ഇപ്പോൾ ന്യായമൊന്നുമില്ല. രണ്ടും വേർതിരിക്കുക തന്നെ വേണം. ജോലിയോട് ഇണങ്ങാൻ ബാങ്കുജോലിക്കാരെ പ്രത്യേകം പരിശീലിപ്പിക്കാൻ മാനേജ്മെന്റുകൾ കിണഞ്ഞു പരിശ്രമിച്ചേ മതിയാകു. ബാങ്കിംഗ് രംഗത്തെ പരിഷ്കാരങ്ങൾ പലതും പരാജയങ്ങൾ തന്നെ.
അഡ്വ. ഫിലിപ്പ് പഴേന്പള്ളി, പെരുവ