കർഷകരെ വിശ്വാസത്തിലെടുക്കണം
Wednesday, August 4, 2021 12:10 AM IST
കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കർഷകർ മാസങ്ങളായി സമരത്തിലാണ്. പുതിയ നിയമങ്ങൾ കർഷകർക്കു കൂടുതൽ സാധ്യതകൾ തുറന്നുകൊടുക്കുമെന്നു ഗവൺമെന്റ് പറയുന്പോൾ രാജ്യംകണ്ട ഏറ്റവും വലിയ കർഷകവിരുദ്ധ നിയമങ്ങൾ എന്നാണു കർഷകർ പറയുന്നത്. സർക്കാരിന്റെ പല മോഹനവാഗ്ദാനങ്ങളും പറയുന്നതുപോലെയല്ല ഫലത്തിൽ എന്ന അനുഭവമാണ് ജനതയ്ക്കുള്ളത്.
ഉദാഹരണമായി എണ്ണക്കന്പനികൾക്കു വിലനിയന്ത്രണാധികാരം കൊടുത്തപ്പോൾ പറഞ്ഞത് അന്താരാഷ്ട്രമാർക്കറ്റിലെ ക്രൂഡ് വിലയിലെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അതിന്റെ പ്രയോജനം ഇവിടുത്തെ സാധാരണക്കാർക്കു കിട്ടുമെന്നായിരുന്നു. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതു നേരേ മറിച്ചും. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് വില കുറഞ്ഞിരിക്കുന്ന സമയത്തും എണ്ണവില എണ്ണക്കന്പനികളുടെ ഇഷ്ടംപോലെയും തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയങ്ങളിൽ സർക്കാരിന്റെ താത്പര്യം മാത്രം പരിഗണിച്ചുമാണു നിർണയിക്കുന്നത് എന്നാണ് കണ്ടുവരുന്നത്. പാചകവാതക സബ്സിഡിയുടെ കാര്യത്തിലും ഇതേ വഞ്ചന കാണാവുന്നതാണ്.
പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സമയത്തു കർഷകർ ജന്തർമന്തറിൽ പ്രതിഷേധ സമരത്തിലാണ്. റിപ്പബ്ലിക് ദിനത്തിൽ ഉണ്ടായതുപോലുള്ള സംഘർഷ സാഹചര്യം ഉണ്ടായിട്ടുമില്ല. രാജ്യം കോവിഡ് പ്രതിസന്ധിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ കാർഷിക കരിനിയമങ്ങൾ പിൻവലിച്ച് കർഷക താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള, കർഷകരെക്കൂടി വിശ്വാസത്തിൽ എടുത്തുള്ള, പരിഷ്കാരങ്ങളിലേക്ക് സർക്കാർ മാറിച്ചിന്തിക്കുന്നതാണു കരണീയം.
അഡ്വ. ജോമോൻ മാത്യു, മൂവാറ്റുപുഴ