സ്വന്തം കണ്ണിലെ കോൽ എടുത്തിട്ട് അന്യന്റെ കണ്ണിലെ കരട് എടുക്കാൻ പറയുന്നതല്ലേ ഉചിതം. കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെഎസ്ഇബിക്ക് എന്തുകൊണ്ടാണ് വൈദ്യുതി പാഴാക്കൽ അവസാനിപ്പിക്കാൻ കഴിയാത്തത്.
രാത്രി മാത്രമല്ല പകലും തെരുവുവിളക്കുകൾ പ്രകാശിപ്പിച്ചു വൈദ്യുതിനഷ്ടം ഉണ്ടാക്കുന്നത് അവസാനിപ്പിക്കാൻ കെഎസ്ഇബിക്കും വൈദ്യുതിമന്ത്രിക്കും കഴിയുന്നില്ല. അതുപോലെതന്നെ, അടഞ്ഞുകിടക്കുന്ന സർക്കാർ ഓഫീസുകളിലും ആളില്ലാത്ത ഓഫീസുകളിലും ഫാനും ലൈറ്റും പ്രവർത്തിപ്പിക്കുന്നത് നിയന്ത്രിക്കാൻ കെഎസ്ഇബിക്ക് കഴിയുന്നില്ല.
കടുത്ത വൈദ്യുതിക്ഷാമം മൂലം ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്പോഴും വൈദ്യുതി പാഴാക്കുന്നത് ഒഴിവാക്കാൻ സ്വന്തം ഒാഫീസുകളിൽ പോലും നടപടിയില്ല. കെഎസ്ഇബിയും വൈദ്യുതിവകുപ്പും ചുമതലകളും ഉത്തരവാദിത്വങ്ങളും കൃത്യമായി നടത്താതെ മാധ്യമങ്ങളിലൂടെ തുടരെത്തുടരെ പൊതുജനങ്ങളോട് വൈദ്യുതി ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന് മന്ത്രി ആവശ്യപ്പെടുന്നതിലെ ഒൗചിത്യം മനസിലാകുന്നില്ല.
റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി