പുതിയ ഗതാഗത മന്ത്രിക്ക് ഒരു തുറന്ന കത്ത്
Thursday, January 4, 2024 12:00 AM IST
കേരളത്തിലെ റോഡ് അപകടങ്ങള്‍ കുറയ്ക്കുവാനും റോഡുകള്‍ നല്ല രീതിയില്‍ സംരക്ഷിക്കുവാനും സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ട ചില സുപ്രധാന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.
സര്‍ക്കാരില്‍ നിന്ന് ഒരു പ്രതിഫലവും ലഭിക്കാത്ത സാധാരണക്കാരില്‍ നിന്നുപോലും ചെറിയ തെറ്റുകള്‍ക്ക് വന്‍തുക പിഴ ഈടാക്കുന്നതു പോലെ, സര്‍ക്കാരില്‍ നിന്നും ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന ഉദ്യഗസ്ഥരില്‍ നിന്ന് അവരുടെ വലിയ വീഴ്ചകള്‍ക്ക് എങ്കിലും ചെറിയ ഒരു പിഴ ഈടാക്കുക.
1. റോഡില്‍ കുഴി രൂപപ്പെട്ട് 10 ദിവസത്തിനുള്ളില്‍ മൂടിയില്ലെങ്കില്‍, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനും മേലുദ്യോഗസ്ഥനും പിന്നീട് വരുന്ന ഒരോ ദിവസവും 1000 രൂപ ഫൈന്‍.(ചെറിയ കുഴികള്‍ അപ്പപ്പോള്‍ അടയ്ക്കാത്തതു മൂലമാണ് ആ കുഴികള്‍ പിന്നീട് വലുതായി യാത്രക്കാരുടെ ജീവന് നഷ്ടപ്പെടുത്തുന്നത് )
2. പൈപ്പ് ഇടാനോ മറ്റോ റോഡില്‍ കുഴിയെടുത്തു രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍വ സ്ഥിതിയില്‍ ആക്കിയില്ലെങ്കില്‍, കൂടുതല്‍ വരുന്ന ഓരോ ദിവസത്തിനും 1000 രൂപ.
3. സീബ്ര / ഹംബ് ലൈന്‍ മാഞ്ഞുപോയാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തെളിച്ചു വരച്ചില്ലെങ്കില്‍ പിന്നീട് വരുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം.
4. റോഡിലെ കേടായ സിസിടിവി കാമറകള്‍ 20 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ അധികം വരുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം.(കോടികള്‍ ചെലവഴിച്ചു റോഡില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളില്‍ പലതും പ്രവര്‍ത്തിക്കുന്നില്ല എന്ന് വാര്‍ത്തകള്‍ ഉണ്ട്)
5. റോഡിലെ സിഗ്നല്‍ ലൈറ്റ് കേടായാല്‍ രണ്ടാഴ്ചയ്ക്കകം ശരിയാക്കില്ലെങ്കില്‍ / സൂചന ബോര്‍ഡുകള്‍ ഇല്ലെങ്കില്‍ കൂടുതല്‍ വരുന്ന ഓരോ ദിവസത്തിനും 1000 രൂപ.
6. കാഴ്ച മറയ്ക്കുന്ന പരസ്യബോര്‍ഡുകള്‍ രണ്ടാഴ്ചയ്ക്കകം മാറ്റിയില്ലെങ്കില്‍, പിന്നീട് വരുന്ന ഒരോ ദിവസവും 1000 രൂപ ഫൈന്‍.
7. 90 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ ഓടിക്കുവാന്‍ കഴിയുന്ന ടു വീലറുകള്‍ക്കു രജിട്രേഷന് നിരോധിക്കുക. (കേരളത്തിലെ റോഡുകളില്‍ ബൈക്കുകള്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത 60 കിലോമീറ്റര്‍ മാത്രമാണ്)
8. വാഹനങ്ങളില്‍ അപകടം ഉണ്ടാക്കുവാന്‍ സാധ്യത ഉള്ള എക്സ്ട്രാ ഫിറ്റിങ്ങുകള്‍ ഉത്പാദിപ്പിക്കുന്നതും വില്‍ക്കുന്നതും നിരോധിക്കുക.
9. ഇടത് വശത്തുകൂടി വാഹനങ്ങൾ ഓവര്‍ട്ടേക്ക് ചെയ്യുന്നതിനെതിരേ ശക്തമായ ബോധവത്കരണം നടത്തുക.
10. ലൈന്‍ ട്രാഫിക് തെറ്റിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുക.
ഇത്രയും ചെയ്താല്‍തന്നെ റോഡുകള്‍ നല്ല രീതിയില്‍ സംരക്ഷിക്കാനും വാഹന അപകടനിരക്ക് ഗാണ്യമായി കുറയ്ക്കുവാനും തീര്‍ച്ചയായും കഴിയും. അപകടങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഇനിയെങ്കിലും നിസഹായരായ ജനങ്ങളില്‍ മാത്രം കെട്ടിവയ്ക്കാതിരിക്കട്ടെ.
ജയിംസ് മുട്ടിക്കല്‍, തൃശൂർ