മെഡിസിൻ സീറ്റുകൾ കൂട്ടണം
Wednesday, February 7, 2024 12:16 AM IST
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്യയിൽ ജോലി ചെയ്യാനുള്ള യോഗ്യതാപരീക്ഷ (എംഎംജിഇ) ജയിക്കുന്നവരുടെ എണ്ണം ദയനീയമാംവിധം കുറയുന്നു. ഡിസംബറിൽ നടന്ന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ, ആകെ എഴുതിയ 38,535 പേരിൽ ജയിച്ചത് 7781 മാത്രം.
ആരാണ് ഇതിന് ഉത്തരവാദികൾ? ഇന്ത്യയിൽ പഠിക്കാനുള്ള യോഗ്യത നേടാത്ത കുട്ടികളെ, പ്ലസ്ടുവിൽ സയൻസ് പഠിച്ചു എന്ന ഏക യോഗ്യതയുടെ പേരിൽ രക്ഷിതാക്കൾ നിർബന്ധിച്ചു വിദേശത്തു പഠിക്കാൻ അയയ്ക്കുന്നതാണ് പ്രധാന കാരണം.
ഇന്ത്യയിൽ ആവശ്യത്തിനു സീറ്റുകൾ ഇല്ലെന്നതു സത്യമാണ്. സ്വകാര്യ മേഖലയിൽ കൊല്ലുന്ന ഫീസായതിനാൽ ഇന്ത്യയിൽ പലേടത്തും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. സർക്കാർ മേഖലയിൽ കൂടുതൽ സീറ്റ് ഉണ്ടായാൽ അതിൽ പഠിക്കാൻ യോഗ്യരായ ധാരാളം കുട്ടികൾ ഇവിടെയുണ്ട്. ഇപ്പോഴുള്ള നാമമാത്ര ഫീസിനു പകരം, ചെലവിന് ആനുപാതികമായി കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും വാർഷിക ഫീസ് ഈടാക്കാം. എൻട്രൻസിനായി ലക്ഷങ്ങൾ മുടക്കുന്നവരാണ് സർക്കാരിൽ പ്രവേശനം നേടുന്ന ഏതാണ്ട് എല്ലാവരും. മെഡിസിൻ പിജി പഠനത്തിന് കോടികളാണ് സ്വകാര്യ മേഖലയിൽ ഫീസ്. സർക്കാർ മേഖലയിൽ കൂടുതൽ പിജി പഠനസൗകര്യങ്ങളും ഉണ്ടാകണം.
സർക്കാർ സംവിധാനങ്ങളിൽ പഠിച്ചു ജയിക്കുന്നവർ കുറഞ്ഞത് 15 വർഷം എങ്കിലും സർക്കാർ സർവീസിൽ പ്രവർത്തിക്കണം എന്നും വ്യവസ്ഥ ഉണ്ടാകണം.
ജോഷി ബി. ജോൺ മണപ്പള്ളി