പരിസ്ഥിതിക്ക് വളരെയധികം ദോഷം വരുത്തുന്ന ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കുക. പകരം ചെങ്ങന്നൂരിൽനിന്നു പമ്പയിലേക്കുള്ള പാതയാണ് ആവശ്യം. നെല്ലാപ്പാറ പോലുള്ള മലകൾ വെട്ടിപ്പൊളിച്ചു തുരങ്കങ്ങൾ ഉണ്ടാക്കി കുറിഞ്ഞി, മാനത്തൂർ ഭാഗത്തുള്ള ചെറിയ കുന്നുകൾ ഇടിച്ചുനിരത്തിയും താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ട് പൊക്കി നീരൊഴുക്ക് തടസപ്പെടുത്തിയും പ്രകൃതിക്കും മനുഷ്യനും വളരെയധികം ദോഷം ചെയ്യുന്ന പദ്ധതി നടപ്പാക്കിയാൽ ഉരുൾപൊട്ടൽ പോലുള്ള ഭീകരദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇപ്പോൾ അങ്കമാലി മുതൽ കാലടി വരെയുള്ള കുറച്ചു ദൂരം നാമമാത്രമായേ പണി നടന്നിട്ടുള്ളൂ. അതെല്ലാം നിരപ്പായുള്ള പ്രദേശങ്ങളാണ്. മറ്റു സ്ഥലങ്ങളിൽ, അവിടെയും ഇവിടെയും കുറച്ച് കല്ലുകൾ സ്ഥാപിച്ചു എന്നുള്ളതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. മാത്രവുമല്ല ശബരിമല സീസണിൽ മാത്രം ട്രെയിൻ ഓടുന്ന ഈ പദ്ധതി റെയിൽവേയ്ക്ക് ഭീമമായ നഷ്ടത്തിന് ഇടവരുത്തും.
ഇപ്പോൾ നിലവിലുള്ള അങ്കമാലികോട്ടയംചങ്ങനാശേരിചെങ്ങന്നൂർ വഴിയുള്ള റെയിൽവേ പാത വികസിപ്പിച്ചു അവിടെനിന്നു പമ്പയിലേക്കുള്ള പാത നടപ്പാക്കിയാൽ റെയിൽവേയ്ക്ക് ലാഭകരവും തീർഥാടകർക്ക് സൗകര്യപ്രദവുമായിരിക്കും. വീതി കുറഞ്ഞ് നീളത്തിൽ കിടക്കുന്ന ഭൂപ്രകൃതിയുള്ള കേരളത്തെ വീണ്ടും ഒന്നുകൂടി കീറിമുറിച്ച് കിഴക്കുനിന്നും പടിഞ്ഞാറോട്ടുള്ള നീരൊഴുക്കിനെ തടസപ്പെടുത്തി പരിസ്ഥിതിക്ക് യോഗ്യമല്ലാത്ത രീതിയിൽ ഈ ശബരിപാത നിർമിച്ചാൽ വരാൻ പോകുന്നത് ഭീകരമായ പരിസ്ഥിതി ആഘാതം ആയിരിക്കും.
തിരുവനന്തപുരം മുതൽ അങ്കമാലി വരെ എംസി റോഡിന് സമാന്തരമായി നിർമിക്കാൻ ഉദ്ദേശിക്കുന്ന റോഡ് ആണ് കേരളത്തിന്റെ വികസനത്തിന് ആവശ്യം. ഈ റോഡ് ഉണ്ടാകുകയാണെങ്കിൽ കേരളത്തിന്റെ വടക്കുനിന്നും തെക്കുനിന്നും വരുന്ന ശബരിമല യാത്രക്കാർക്ക് ഏറ്റവും സഹായകരമാകും.
ഈ ശബരി പദ്ധതിയെ താലോലിക്കുന്നവർ ഏതാനും സ്ഥാപിതതാല്പര്യക്കാർ മാത്രമാണ്. സാധാരണ ജനങ്ങൾക്ക് ഈ പദ്ധതികൊണ്ട് യാതൊരു പ്രയോജനവുമില്ല. എവിടെനിന്നോ കുറച്ചു സംഭാവന ലഭിക്കുന്നവരും വൻകിട കോൺട്രാക്ടർമാരും ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. ഈ പദ്ധതി ഉപേക്ഷിക്കുന്നതു വഴി നാടിനും നാട്ടുകാർക്കും ഗുണമല്ലാതെ ഒരിക്കലും ഒരു ദോഷം വരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല.
എ.ജെ. ദേവസ്യ, ആലനാലിക്കൽ പിഴക്, മാനത്തൂർ