പാഠത്തിൽ പാടേണ്ട; വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ സിലബസിൽനിന്ന് നീക്കാൻ ശിപാർശ
Thursday, July 17, 2025 2:02 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി ബിഎ മലയാളം (ഓണേഴ്സ്)- ഭാഷയും സാഹിത്യവും സിലബസിൽനിന്ന് വേടൻ എന്ന ഹിരണ്‍ദാസ് മുരളിയുടെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കാൻ ശിപാർശ.
മലയാള-കേരള പഠനവിഭാഗം മുൻ മേധാവി ഡോ.എം.എം. ബഷീറിന്റെ പഠന റിപ്പോർട്ടിലാണ് ഇരു പാട്ടുകളും ഒഴിവാക്കി പകരം മറ്റ് പാഠ്യഭാഗങ്ങൾ ഉൾപ്പെടുത്താൻ നിർദേശിച്ചത്.
തുടർനടപടിക്കായി വിസി പഠന റിപ്പോർട്ട് മലയാള പഠനബോർഡ് ചെയർമാനു കൈമാറി. വേടന്റെ പാട്ടിൽ ചില ഭാഗങ്ങളിൽ വസ്തുതാപരമായ തെറ്റുകളും ആശയപരമായ വൈരുധ്യങ്ങളുമുണ്ടെന്നും മൈക്കൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് ഇറ്റ്’ എന്ന ഗാനത്തിന്റെയും വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന ഗാനത്തിന്റെയും സംഗീതപരമായ സവിശേഷതകളെക്കുറിച്ചുള്ള താരതമ്യം ബിഎ മലയാളം വിദ്യാർഥികൾക്ക് അപ്രാപ്യമാണെന്നുമാണു റിപ്പോർട്ടിലെ നിരീക്ഷണം.
വേടന്റെ പാട്ടിൽ വായ്ത്താരികൾ സൃഷ്ടിക്കുന്ന വൈകാരികമായ അനുഭൂതികൾക്കാണു പ്രാധാന്യം. കേൾവിക്കാരുടെ മനസിൽ ഒരു നിമിഷം ആ സംഭവങ്ങളെക്കുറിച്ചുള്ള സ്മരണകൾ ഉണർത്തുക മാത്രമാണു ലക്ഷ്യമെന്നും അതിനാൽ എടുത്തുമാറ്റി മറ്റൊരു പാഠഭാഗം ഉൾപ്പെടുത്തണമെന്നും ശിപാർശ ചെയ്യുന്നു.
കഥകളി സംഗീതവും ശാസ്ത്രീയ സംഗീതവും തമ്മിലുള്ള താരതമ്യ പഠനം നടത്താൻ മലയാളം ബിഎ വിദ്യാർഥികളോട് ആവശ്യപ്പെടുന്നത് പരിധിക്കപ്പുറമാണെന്നും കഠിനമാണെന്നും അതിനാൽ മറ്റൊരു പാഠഭാഗം ചേർക്കേണമെന്നുമാണ് ശിപാർശ.