ഇംഗ്ലീഷ് വിംഗ്ലീഷ്
Wednesday, October 27, 2021 11:47 PM IST
അബുദാബി: ഐസിസി ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ അടിച്ചുപൊളിച്ച് ഇംഗ്ലണ്ട് രണ്ടാം ജയമാഘോഷിച്ചു.
ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 6 വിക്കറ്റിനു കീഴടക്കിയ ഇംഗ്ലണ്ടിന്റെ രണ്ടാം മത്സരത്തിലെ ഇര ബംഗ്ലാദേശ് ആയിരുന്നു. 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് ബംഗ്ലാദേശിനെ തകർത്തത്. സ്കോർ: ബംഗ്ലാദേശ് 20 ഓവറിൽ 124/9. ഇംഗ്ലണ്ട് 14.1 ഓവറിൽ 126/2.
മാസ്റ്റർ മെൽസ്...
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ മൂന്നു മുൻനിരക്കാർ ഒരക്കത്തിനു പുറത്തായി. 5.2 ഓവറിൽ മൂന്നിന് 26 എന്ന നിലയിലേക്കു ബംഗ്ലാദേശ് ഒതുക്കപ്പെട്ടു. മുഷ്ഫിക്കർ റഹീം (29), ക്യാപ്റ്റൻ മുഹമ്മദുള്ള (19) എന്നിവർ പൊരുതിയെങ്കിലും വാലറ്റത്ത് നസും അഹമ്മദ് (9 പന്തിൽ 19) നടത്തിയ കടന്നാക്രമണമാണു ബംഗ്ലാദേശിനെ 124ൽ എത്തിച്ചത്.
ഇംഗ്ലണ്ടിനായി ടിമാൽ മെൽസ് 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. പേസർമാരിൽ ഡെത്ത് ഓവറിൽ ഈ ലോകകപ്പിൽ ഏറ്റവും മികച്ച ഇക്കോണമി റേറ്റ് (7.41) ഉള്ള ബൗളറാണ് ടിമാൽ മെൽസ്.
റോറിംഗ് റോയ്...
ഓപ്പണർ ജേസണ്‍ റോയിയുടെ സ്ഫോടനാത്മക ബാറ്റിംഗിലൂടെ ഇംഗ്ലണ്ട് അതിവേഗം ലക്ഷ്യത്തിലേക്ക് അടുത്തു. 38 പന്തിൽ മൂന്നു സിക്സും അഞ്ച് ഫോറും അടക്കം 61 റണ്‍സ് അട്ടിച്ചെടുത്ത ശേഷമാണ് റോയ് മടങ്ങിയത്.
ജോസ് ബട്ലറിന്റെ (18) വിക്കറ്റ് സ്കോർ 39ൽ നിൽക്കുന്പോൾ ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടിരുന്നു. പവർപ്ലേയിൽ 50 റണ്‍സ് ആണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഈ ലോകകപ്പിൽ പവർപ്ലേയിൽ 50+ റണ്‍സ് നേടുന്ന നാലാമത് ടീമാണ് ഇംഗ്ലണ്ട്.