സുസാകിക്ക് വെങ്കലം; അതെങ്ങനെ? പ്രീക്വാർട്ടറിൽ വിനേഷ് ഫോഗട്ട് കീഴടക്കിയ ജാപ്പനീസ് താരം യുയി സുസാക്കി, റെപെഷെ റൗണ്ടിലേക്ക് എത്തുകയും ക്വാർട്ടറിൽ വിനേഷ് കീഴടക്കിയ യുക്രെയ്നിന്റെ ഒക്സാന ലിവാച്ചിനെ കീഴടക്കി വെങ്കലം നേടുകയും ചെയ്തു.
സെമിയിൽ ഫോഗട്ടിനോടു പരാജയപ്പെട്ട ക്യൂബയുടെ യൂസ്നീരിസ് ഗുസ്മാൻ ഫൈനലിൽ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിനെ നേരിട്ടു. ഫൈനലിൽ പരാജയപ്പെട്ടതോടെ യൂസ്നീരിസിനു വെള്ളി കിട്ടി.
തൂക്കത്തിന്റെ പേരിൽ അയോഗ്യയാക്കിയതോടെ ഒളിന്പിക് നിയമമനുസരിച്ച് വിനേഷ് ഏറ്റവും പിന്നിലേക്കു തള്ളപ്പെട്ടതോടെയാണിതെല്ലാം. അതായത് വിനേഷ് പ്രീക്വാർട്ടറിൽ പുറത്തായതായാണ് കണക്കാക്കിയത്. അതോടെ വിനേഷ് കീഴടക്കിയവരെല്ലാം ഒരു പടി മുന്നിലേക്ക് ഓട്ടോമാറ്റിക്കായി കയറി.
അങ്ങനെ സുസാകി ക്വാർട്ടറിൽ ലിവാച്ചിനോടു പരാജയപ്പെട്ടതായി കണക്കാക്കി. ലുവാച്ചി ഫൈനലിൽ പ്രവേശിച്ച സ്ഥിതിക്ക് സുസാകിക്ക് റെപെഷെ റൗണ്ട് യോഗ്യത ലഭിച്ചു. അവിടെ ജയിച്ച് വെങ്കലവും നേടി! ഇതും ഒളിന്പിക് നിയമത്തിന് എതിരാണെന്നാണ് വിനേഷ് ഫോഗട്ടിന്റെ വാദമുഖം.
വാദിച്ചത് ഇങ്ങനെ ഒളിന്പിക് ഫൈനലിൽ എത്തിയ സ്ഥിതിക്ക് വെള്ളി മെഡൽ നൽകണമെന്നതായിരുന്നു വിനേഷ് ഫോഗട്ടിന്റെ ന്യായമായ ആവശ്യം. അതിനായി ഫോഗട്ടിന്റെ അഭിഭാഷകർ മുന്നോട്ടുവച്ചത് പ്രധാനമായും മൂന്നു വാദമുഖങ്ങളായിരുന്നു.
1. ഗുസ്തി നടന്ന വേദിയായ കാന്പ് ഡെ മാഴ്സ് അരീനയും താമസസ്ഥലമായ ഒളിന്പിക് വില്ലേജും തമ്മിലുള്ള അകലവും ആദ്യദിനത്തിലെ തുടർച്ചയായ മത്സരങ്ങളുമാണ് ഭാരം വർധിക്കാനുണ്ടായ പ്രധാന കാരണങ്ങൾ.
2. 100 ഗ്രാം അധികം തൂക്കമുണ്ടെന്നത് മത്സരത്തിൽ വിനേഷ് ഫോഗട്ടിന് പ്രത്യേകിച്ച് ആനുകൂല്യങ്ങളൊന്നും ലഭിക്കാൻ കാരണമാകില്ല. മാത്രമല്ല, ഗുസ്തിയിൽ റിക്കവറി പ്രോസസിൽ ഇതു സ്വാഭാവികം മാത്രമാണ്.
3. ഒളിന്പിക് നിയമമനുസരിച്ച് 100 ഗ്രാം അധികഭാരമുണ്ടെന്ന കാരണത്താൽ ഫോഗട്ടിനെ ഫൈനലിനു മുന്പ് അയോഗ്യയാക്കി. എങ്കിൽ, ജാപ്പനീസ് താരം യുയി സുസാക്കി ഏതു നിയമത്തിന്റെ പേരിലാണ് റെപെഷെ റൗണ്ടിലേക്ക് എത്തിയത്. ഫൈനലിസ്റ്റുകൾ ക്വാർട്ടറിൽ കീഴടക്കിയവർക്കാണ് റെപെഷെ റൗണ്ടിനു യോഗ്യത ലഭിക്കുക എന്നതാണ് ഒളിന്പിക് നിയമം. അങ്ങനെയെങ്കിൽ ഫോഗട്ടിന്റെ അയോഗ്യതയിലൂടെ ഫൈനലിലേക്കു മുന്നേറിയ ക്യൂബയുടെ യൂസ്നീരിസ് ഗുസ്മാൻ ക്വാർട്ടറിൽ കീഴടക്കിയ ലിത്വാനിയയുടെ ഗബീജ ഡിലൈറ്റ് അല്ലായിരുന്നോ റെപെഷെയിൽ എത്തേണ്ടിയിരുന്നത്.
റെപെഷെ: ഒളിന്പിക് ഗുസ്തിയിൽ ഫൈനലിൽ പ്രവേശിച്ചവർ ക്വാർട്ടറിലും സെമിയിലും കീഴടക്കിയ താരങ്ങൾ തമ്മിൽ നടക്കുന്ന വെങ്കല മെഡൽ പോരാട്ടമാണ് റെപെഷെ എന്ന് അറിയപ്പെടുന്നത്.