ഉത്തരമില്ലാതെ ഉത്തേജനം യുഎസ് ഓപ്പണ്‍ ജേതാവായ യാനിക് സിന്നർ, ഉത്തേജക മരുന്ന് നിഴലിലാണുള്ളത്. ഈ വർഷം മാർച്ചിൽ നടന്ന രണ്ടു പരിശോധനയിൽ സിന്നർ നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
എന്നാൽ, സിന്നർ നേരിട്ട് ഉപയോഗിച്ചതല്ല, ഫിസിയോതെറാപ്പിസ്റ്റിന്റെ പിഴവിലൂടെ ശരീരത്തിൽ കടന്നതാണെന്നായിരുന്നു ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസിയുടെ (ഐടിഐഎ) കണ്ടെത്തൽ. അതുകൊണ്ടുതന്നെ സിന്നറിനെ വിലക്കിയില്ല.
ഓഗസ്റ്റ് 20നാണ് ഐടിഐഎ ഇക്കാര്യം അറിയിച്ചത്. വാഡയ്ക്കും (വേൾഡ് ആന്റി ഡോപ്പിംഗ് ഏജൻസി) നാഡൊ ഇറ്റാലിയയ്ക്കും ഈ നിലപാട് ചോദ്യം ചെയ്യാനുള്ള അവസരമുണ്ട്. എന്നാൽ, തന്റെ ഭാഗം ന്യായീകരിക്കാൻ ശാസ്ത്രീയ തെളിവ് സിന്നറും അദ്ദേഹത്തിന്റെ വക്കീൽ സംഘവും നൽകുമെന്നാണ് വിവരം.
ഐടിഐഎയുടെ നിലപാട് വാഡ ചോദ്യം ചെയ്താൽ കാര്യങ്ങൾ കായിക തർക്കപരിഹാര കോടതിക്കു മുന്നിലെത്തും. വിലക്കു വീണാൽ യുഎസ് ഓപ്പണ്‍ ട്രോഫി അടക്കം സിന്നറിനു നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
റഷ്യൻ വനിതാ താരം മരിയ ഷറപ്പോവയാണ് ഉത്തേജക മരുന്നു പരിശോധനയിൽ അവസാനമായി വിലക്ക് നേരിട്ട പ്രമുഖ ടെന്നീസ് താരം. 2016 ജനുവരിയിൽ ഷറപ്പോവയ്ക്ക് രണ്ടു വർഷ വിലക്ക് വീണു. തുടർന്ന് രാജ്യാന്തര കോടതിയിൽ എത്തിയ താരത്തിന്റെ വിലക്ക് 15 മാസത്തേക്കായി മയപ്പെടുത്തിയിരുന്നു.