കേരളത്തിനു മൂന്നാം ജയം
Friday, November 15, 2019 12:00 AM IST
തിരുവനന്തപുരം: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ഗ്രൂപ്പ് ബിയിൽ കേരളത്തിനു മൂന്നാം ജയം. ഗ്രൂപ്പ് ബിയിൽ തോൽവിയറിയാതെ മുന്നേറിക്കൊണ്ടിരുന്ന വിദർഭയെ 26 റണ്‍സിനു കേരളം കീഴടക്കി. 39 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും അടക്കം 69 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെനിന്ന ക്യാപ്റ്റൻ റോബിൻ ഉത്തപ്പയാണ് കേരളത്തിന്റെ വിജയശിൽപ്പി. സ്കോർ: കേരളം 20 ഓവറിൽ ഏഴിന് 162. വിദർഭ 20 ഓവറിൽ ഏഴിന് 136.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കേരളത്തിന് 8.1 ഓവറിൽ 59 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. തുടർന്ന് സച്ചിൻ ബേബിയും (37 പന്തിൽ ഒരു സിക്സും നാല് ഫോറും അടക്കം 39 റണ്‍സ്) ഉത്തപ്പയും ചേർന്ന് കരകയറ്റി. നാലാം വിക്കറ്റിൽ ഇവർ 60 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
മറുപടിക്കിറങ്ങിയ വിദർഭയുടെ ടോപ് സ്കോറർ 27 പന്തിൽ 29 റണ്‍സ് എടുത്ത അക്ഷയ് വഡ്കർ ആയിരുന്നു. കേരളത്തിനായി സന്ദീപ് വാര്യർ നാല് ഓവറിൽ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഗ്രൂപ്പിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി വിദർഭയാണ് ഒന്നമത്. തമിഴ്നാട്, കേരളം എന്നിവ 12 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനത്തുണ്ട്.