ട്രിപ്പിൾ ആൻസി
Tuesday, January 14, 2020 12:00 AM IST
ഗോഹട്ടി: മൂന്നാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളത്തിന്റെ ആൻസി സോജനു ട്രിപ്പിൾ സ്വർണം. 100 മീറ്ററിലും ലോംഗ്ജംപിലും സ്വർണം നേടിയ ആൻസി ഇന്നലെ 4x100 മീറ്റർ റിലേയിലും സ്വർണനേട്ടം കരസ്ഥമാക്കി. ലോംഗ്ജംപിൽ മീറ്റ് റിക്കാർഡ് കുറിച്ച ആൻസി, അണ്ടർ 21 പെണ്കുട്ടികളുടെ 4x100 മീറ്റർ റിലേയിലും റിക്കാർഡ് സ്വർണത്തിൽ പങ്കാളിയായി.

കഴിഞ്ഞ വർഷം മഹാരാഷ്ട്ര 4x100 മീറ്റർ റിലേയിൽ കുറിച്ച 47.22 സെക്കൻഡ് എന്ന റിക്കാർഡാണ് വി.എസ്. ഭവിക, മൃദുല മരിയ ബാബു, കെ.വി. റ്റോമി, ആൻസി സോജൻ എന്നിവർ അണിചേർന്ന കേരള സംഘം 46.77 ആക്കിയത്. 47 സെക്കൻഡിൽ ഫിനിഷ് ചെയ്ത് തമിഴ്നാട് വെള്ളി നേടി. അണ്ടർ 17 പെണ്കുട്ടികളുടെ 4x100 മീറ്റർ റിലേയിലും കേരളം മെഡലണിഞ്ഞു. എൽഗ തോമസ്, നയന ജോസ് മാത്യു, അലീന വർഗീസ്, സാന്ദ്ര മോൾ സാബു എന്നിവരാണ് കേരളത്തിനായി വെങ്കലം നേടിയത്.

പെണ്കുട്ടികളുടെ അണ്ടർ 21 വിഭാഗം 800 മീറ്ററിൽ കേരളത്തിന്റെ പ്രിസ്കില്ല ഡാനിയേൽ റിക്കാർഡോടെ സ്വർണം കരസ്ഥമാക്കി. അങ്കിത ചാഹലിന്റെ പേരിലുണ്ടായിരുന്ന 2:13.81 സെക്കൻഡ് 2:11.81 ആക്കിയാണ് പ്രിസ്കില്ലയുടെ സ്വർണ നേട്ടം. പെണ്കുട്ടികളുടെ അണ്ടർ 17 വിഭാഗം 800 മീറ്ററിൽ സ്റ്റെഫി സാറ കോശി സ്വർണം നേടി. 2:14.58 സെക്കൻഡിലായിരുന്നു സ്റ്റെഫിയുടെ സ്വർണം. ഇതോടെ ഇന്നലെ കേരളത്തിന്റെ അക്കൗണ്ടിൽ മൂന്ന് സ്വർണം എത്തി.
മാളവിക, സജൻ, ലിസ്ബത്ത്
അണ്ടർ 21 പെണ്കുട്ടികളുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ ലിസ്ബത്ത് കരോളിൻ ജോസഫ് 12.37 മീറ്ററോടെ വെങ്കലം നേടി. അനു മാത്യുവിന് 12.18 മീറ്റുമായി നാലാമത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. തമിഴ്നാടിന്റെ പി. ബബിഷയ്ക്കാണ് (12.83) സ്വർണം. അണ്ടർ 21 പെണ്കുട്ടികളുടെ പോൾവോൾട്ടിൽ കേരളത്തിനായി മാളവിക രമേഷ് (3.40 മീറ്റർ) വെങ്കലത്തിൽ മുത്തമിട്ടു.
അണ്ടർ 21 ആണ്കുട്ടികളുടെ ലോംഗ്ജംപിൽ കേരളത്തിന്റെ ആർ. സജനു വെങ്കലം ലഭിച്ചു. 7.29 മീറ്ററാണ് സജൻ താണ്ടിയത്. 7.40 മീറ്ററുമായി ഹരിയാനയുടെ ഭുപീന്ദർ സിംഗ് വെള്ളി നേടി.