തുപ്പരുത്, പന്തില്‍ ചുംബിക്കരുത്: കോൺമിബോള്
Thursday, May 14, 2020 11:19 PM IST
അസുന്‍സിയോണ്‍ (പരാഗ്വെ): ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുകളായ കോപ്പ ലിബര്‍ട്ടഡോറസും കോപ്പ സുഡാമേരിക്കാന എന്നിവയില്‍ കളിക്കുന്നവര്‍ക്കു പുതിയ മാര്‍ഗനിര്‍ദേശവുമായി ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ സംഘടനയായ കോൺമിബോള്. കളത്തില്‍ തുപ്പുന്നതും പന്തില്‍ ചുംബിക്കുന്നത് കളിക്കാര്‍ നിശ്ചയമായും ഒഴിവാക്കണമെന്നു മേഖലയുടെ ഫുട്ബോള്‍ സംഘടന അറിയിച്ചു. കോവിഡ്-19നെതിരേയുള്ള പോരാട്ടമെന്ന രീതില്‍ പുതിയ നിയമങ്ങളെ കാണണമന്നും സംഘടന അറിയിച്ചു.
മാര്‍ച്ചില്‍ ആരംഭിക്കേണ്ട രണ്ടു ടൂര്‍ണമെന്റും കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയാണ്. പുതിയ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
കളിക്കാര്‍ മൂക്ക് ചീറ്റി ജഴ്സിയില്‍ തുടയ്ക്കരുതെന്നും മത്സരശേഷം കളിക്കാര്‍ പരസ്പരം ജഴ്സി കൈമാറ്റം നടത്തരുതെന്നും കോൺമിബോളിന്റെ നിയമത്തിലുണ്ട്. ഇതിനൊപ്പം ഓരോരുത്തരും അവരവരുടെ വെള്ളകുപ്പിയില്നിന്നു മാത്രമേ വെള്ളം കുടിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. മത്സരത്തിനു മുമ്പുള്ള ഇന്റര്‍വ്യൂകളില്‍ എല്ലാവരും നിര്‍ബന്ധമായും മാസ്ക് ഉപയോഗിക്കണമെന്നും ഈ നിര്‍ദേശം ബെഞ്ചിലുള്ള പകരക്കാരും പാലിക്കണമെന്നും കോൺമിബോള് അറിയിച്ചു.