ജർമനിയിൽ മലയാളി വിദ്യാർഥി ചെസ് ചാന്പ്യൻ
Monday, November 16, 2020 11:54 PM IST
ബർലിൻ: ജർമനിയിലെ വില്ലിൻഗനിൽ നടന്ന അണ്ടർ-12 വിഭാഗം ചെസ് ചാന്പ്യൻഷിപ്പിൽ മലയാളിയായ ശ്രേയസ് പയ്യപ്പാട്ട് ജേതാവായി. ലോക അണ്ടർ-12 പോരാട്ടത്തിനുള്ള യോഗ്യതയും പന്ത്രണ്ടുകാരനായ ശ്രേയസിനു ലഭിച്ചു. ഫിഡെ ഓണ്‍ലൈൻ റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെയാണു ജർമൻ ചെസ് ചാന്പ്യൻഷിപ്പിന് ശ്രേയസിന് അവസരം ലഭിച്ചത്. ഏഴു റൗണ്ട് മത്സരത്തിൽ 6.5 പോയിന്റ് നേടി ചാന്പ്യൻ പട്ടം നേടി.
തിരുവനന്തപുരം ചെന്പഴന്തി ആനന്ദേശ്വരം പയ്യപ്പാട്ട് വീട്ടിൽ സ്മിതയുടെയും ശ്രീജിത്തിന്റെയും മകനാണ് ശ്രേയസ്. കഴക്കൂട്ടം സെന്റ് തോമസ് സ്കൂളിലെ വിദ്യാർഥിയായിരുന്ന ശ്രേയസ് ഒന്നര വർഷമായി ജർമനിയിലാണ്. നീഡർ സാക്സണ്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹാനോവർ ഹെലെനെ ലാങ്ങേ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണിപ്പോൾ. ഡിസംബറിൽ നടക്കുന്ന ഏഷ്യൻ കോണ്ടിനെന്റൽ സെലക്ഷൻ ഫിഡെ ഓണ്‍ലൈൻ വേൾഡ് അണ്ടർ-12 റാപിഡ് ടൂർണമെന്റിൽ പങ്കെടുക്കാനും ശ്രേയസ് യോഗ്യത നേടിയിട്ടുണ്ട്.
ജോസ് കുന്പിളുവേലിൽ