ഹൈദരാബാദിൽ തലമാറ്റം
Sunday, May 2, 2021 12:12 AM IST
ന്യൂഡൽഹി: 2021 സീസണ് ഐപിഎലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്നു മുതൽ കളത്തിലിറങ്ങുക ന്യൂസിലൻഡ് താരം കെയ്ൻ വില്യംസണിന്റെ ക്യാപ്റ്റൻസിയിൽ. നായക സ്ഥാനത്തുനിന്ന് ഓസീസ് ഓപ്പണർ ഡേവിഡ് വാർണറെ നീക്കയ ടീം മാനേജ്മെന്റ് പകരം വില്യംസണിനെ ചുമതലയേൽപ്പിക്കുകയായിരുന്നു. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനു മുന്‍പായിരുന്നു സണ്‍റൈസേഴ്സിലെ തലമാറ്റം. ഇന്നത്തെ മത്സരത്തിനുള്ള വിദേശ താരങ്ങളുടെ കോന്പിനേഷനിൽ മാറ്റം വരുത്താനും ടീം മാനേജമെന്റ് തീരുമാനിച്ചതായും സണ്‍റൈസേഴ്സ് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
2016ൽ സണ്‍റൈസേഴ്സ് ഐപിഎൽ കിരീടം സ്വന്തമാക്കിയത് വാർണറിന്റെ നേതൃത്വത്തിലായിരുന്നു. 2018-19ൽ ടീമിനെ നയിച്ച ചരിത്രം വില്യംസണിനുമുണ്ട്. ടീമിനെ ഏറ്റവും അധികം മത്സരം നയിച്ച റിക്കാർഡ് വാർണറിനാണ്. വാർണറിന്റെ കീഴിൽ ടീമിന്റെ വിജയ ശതമാനം 52 ആണ്. 2021 സീസണിൽ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും വാർണറിന്റെ പ്രകടനം മോശമാണ്. ആറ് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച് സണ്‍റൈസേഴ്സ് ഏറ്റവും പിന്നിലാണ്. വില്യംസണിന്റെ കീഴിൽ ടീമിന് 55.76 വിജയശതമാനമുണ്ട്.