സ്പെയിൻ x ഇറ്റലി
Sunday, July 4, 2021 12:23 AM IST
ലണ്ടൻ: യൂറോ കപ്പ് 2020 ഫുട്ബോൾ ആദ്യസെമിയിൽ സ്പെയിനും ഇറ്റലിയും കൊന്പുകോർക്കും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 12.30നാണ് മത്സരം. രണ്ടാം സെമി ബുധനാഴ്ച രാത്രി 12.30ന് വെംബ്ലിയിൽതന്നെ അരങ്ങേറും.

ക്വാർട്ടറിൽ ഷൂട്ടൗട്ടിലൂടെ സ്വിറ്റ്സർലൻഡിനെ 3-1നു കീഴടക്കിയാണ് സ്പെയിൻ സെമിയിൽ പ്രവേശിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനിലയായിരുന്നു. ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡിന്റെ രണ്ട് കിക്കുകൾ തടഞ്ഞ സ്പാനിഷ് ഗോളി ഉനയ് സിമോണ്‍ ആണ് കളിയിലെ താരമായത്. സ്വിസ് താരം വർഗസിന്റെ ഷോട്ട് പുറത്തേക്കും പാഞ്ഞു. സസ്പെൻഷനിലായ ക്യാപ്റ്റൻ ഗ്രനിത് സാക്കയുടെ അഭാവത്തിലായിരുന്നു സ്വിസ് സംഘം കളത്തിലെത്തിയത്. ക്രൊയേഷ്യയെ അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിൽ കീഴടക്കിയായിരുന്നു സ്പെയിൻ ക്വാർട്ടറിലെത്തിയത്. തുടർച്ചയായി രണ്ട് നോക്കൗട്ട് മത്സരങ്ങളിൽ രണ്ട് മണിക്കൂറിലധികം കളിച്ചാണ് സ്പെയിൻ സെമിയിലെത്തിയിരിക്കുന്നത് എന്നതാണു ശ്രദ്ധേയം.