ഉദ്ഘാടന ചടങ്ങിന്റെ ഡയറക്ടർ രാജിവച്ചു
Friday, July 23, 2021 12:05 AM IST
ടോക്കിയോ: ഒളിന്പിക്സ് ഉദ്ഘാടനചടങ്ങ് ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 4.30ന് നടക്കാനിരിക്കേ ചടങ്ങിന്റെ സംഘാടകമേധാവി കെന്റാരോ കൊബയാഷി ഇന്നലെ രാജിവച്ചു. നാസി ജർമനിയിൽ യഹൂദന്മാർ കൂട്ടക്കൊലയ്ക്ക് ഇരയായതിനെ (ഹോളോകോസ്റ്റ്) പരിഹസിച്ച് ഇദ്ദേഹം രണ്ടു പതിറ്റാണ്ടു മുന്പു നടത്തിയ പരാമർശത്തിന്റെ വീഡിയോ പുറത്തുവന്നതാണു കാരണം.
മുന്പ് ഹാസ്യതാരമായിരുന്ന കോബയാഷി, 23 വർഷം മുന്പുള്ള ഒരു പരിപാടിക്കിടെയാണ് ഹോളോകോസ്റ്റ്വിരുദ്ധ പരാമർശം നടത്തിയത്.
വീഡിയോ പുറത്തുവന്നതിനെ തുടർന്ന് ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗെ അടക്കമുള്ളവർ കോബയാഷിക്കെതിരേ രംഗത്തുവന്നു. ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സുഗെ പറഞ്ഞു. വേദനാജനകമായ ചരിത്രത്തെ അവഹേളിച്ചതായി ജപ്പാന്റെ ഒളിന്പിക്സ് മന്ത്രി സീക്കോ ഹാഷിമോട്ടോ പറഞ്ഞു. മാപ്പു ചോദിച്ച കോബയാഷി, പണ്ടു പറഞ്ഞ വിവരക്കേടിൽ ഖേദിക്കുന്നതായി അറിയിച്ചു. അതേസമയം, ഇന്നത്തെ ഉദ്ഘാടന പരിപാടിക്കു മാറ്റമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി സുഗെ വ്യക്തമാക്കി.
ടോക്കിയോ ടൈം
ഇന്ത്യൻ സമയവും ജാപ്പനീസ് സമയവും തമ്മിൽ മൂന്നു മണിക്കൂർ 30 മിനിറ്റ് വ്യത്യാസമുണ്ട്. ജാപ്പനീസ് സമയത്തേക്കാൾ 3.30 മണിക്കൂർ പിന്നിലാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം. അതായത് ഇന്ന് ടോക്കിയോയിൽ ഒളിന്പിക്സ് ഉദ്ഘാടനം പ്രാദേശിക സമയം രാത്രി എട്ട് മണിക്കു നടക്കുന്പോൾ ഇന്ത്യയിൽ വൈകുന്നേരം 4.30 ആകുകയേയുള്ളൂ എന്നു ചുരുക്കം. ജാപ്പനീസ് പ്രാദേശിക സമയം ഇന്ന് രാവിലെ ഒന്പതിന് ഒളിന്പിക്സ് മത്സരങ്ങൾ ആരംഭിക്കും, ഇന്ത്യയിൽ അപ്പോൾ പുലർച്ചെ 5.30.