സമനില കെട്ടി
Monday, November 22, 2021 12:54 AM IST
വാസ്കോ ഡ ഗാമ (ഗോവ): ഐഎസ്എൽ ഫുട്ബോളിൽ ഈ സീസണിലെ ആദ്യ സമനില. ആദ്യ രണ്ടു മത്സരങ്ങളിലും വലനിറഞ്ഞപ്പോൾ തിലക് മൈതാനിൽ നടന്ന ഈസ്റ്റ് ബംഗാൾ-ജംഷഡ്പുർ എഫ്സി മത്സരം 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.
ഇരുടീമുകളും തുടക്കം മുതലേ പന്തിൽ ആധിപത്യം നേടുന്നതിനായി കളിച്ചു. 17-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിനു ഫ്രീകിക്ക് ലഭിച്ചു. വളരെ പുറത്തുനിന്നു ഫ്രീകിക്ക ബോറിസ് സിംഗിന്റെ കൈയിൽ തട്ടി. ഇതോടെ ഈസ്റ്റ് ബംഗാളിനു രണ്ടാമത്തെ ഫ്രീകിക്കും ലഭിച്ചു. വലയിലേക്കു തൊടുത്ത പന്ത് ഗോൾ കീപ്പർ ടി.പി. രഹനേഷ് തട്ടി. തിരിച്ചുവന്ന പന്ത് അന്റോണിയോ പെരോസെവിച്ചിന്റെ കാലുകളിലേക്കായിരുന്നു. ഇവിടെനിന്ന് ഫ്രാൻജോ പ്രെസിന്റെ ഓവർഹെഡ് കിക്ക് ജംഷഡ്പുർ കളിക്കാരന്റെ ദേഹത്തുതട്ടി വലയിൽ കയറി.
ഗോൾ വീണതോടെ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ജംഷഡ്പുർ ശക്തമാക്കിയെങ്കിലും ഗോൾ വന്നില്ല. ലീഡ് ഉയർത്താനായി ഈസ്റ്റ് ബംഗാളും ആക്രമിച്ചു.
ആദ്യ പകുതി തീരും മുന്പ് ജംഷഡ്പുർ സമനില നേടി. കോർണറിൽനിന്നു വന്ന പന്ത് നെറീജസ് വാൽസ്ക്സിന്റെ തലയിൽനിന്ന് പീറ്റർ ഹാർട്ലിയുടെ തലയിലേക്കായിരുന്നു. അവിടെനിന്ന് പന്ത് ഈസ്റ്റ് ബംഗാളിന്റെ വലയിൽ കയറി. രണ്ടാം പകുതിയിൽ ഇരുടീമും ലീഡ് നേടുന്നതിനായി പൊരുതിയെങ്കിലും വലകുലുക്കാനായില്ല.