ഇന്ത്യക്കു റാങ്കിംഗ് മുന്നേറ്റം
Friday, June 24, 2022 12:00 AM IST
കോൽക്കത്ത: എഎഫ്സി (ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ) ഏഷ്യൻ കപ്പ് 2023 ചാന്പ്യൻഷിപ്പ് യോഗ്യതാ റൗണ്ടിൽ നടത്തിയ മികച്ച പ്രകടനത്തോടെ ഫിഫ ലോക റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം. രണ്ട് സ്ഥാനം മുന്നോട്ടു കയറിയ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം ലോക റാങ്കിംഗിൽ 104ൽ എത്തി. 2022 ഫിഫ ലോകകപ്പിൽ ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫിൽ കോസ്റ്റാറിക്കയോട് 1-0നു പരാജയപ്പെട്ട് യോഗ്യത ലഭിക്കാതിരുന്ന ന്യൂസിലൻഡിനു (103) തൊട്ടുപിന്നിലാണ് ഇന്ത്യ ഇപ്പോൾ.
ബ്രസീൽ, അർജന്റീന
തുടർച്ചയായ മൂന്നാം മാസവും ലോക റാങ്കിംഗിൽ ബ്രസീൽ ആണ് ഒന്നാം സ്ഥാനത്ത്. ബെൽജിയം രണ്ടാം സ്ഥാനത്ത് തുടരുന്നു. അർജന്റീന ഒരു സ്ഥാനം മുന്നോട്ട് കയറി മൂന്നാം റാങ്കിൽ എത്തി. യൂവേഫ നേഷൻസ് ലീഗിലെ മോശം പ്രകടനത്തിലൂടെ ഫ്രാൻസ് മൂന്നാം റാങ്കിൽ നിന്ന് നാലിലേക്ക് ഇറങ്ങിയതോടെയാണിത്.
ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്ത് തുടർന്നപ്പോൾ സ്പെയിൻ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറിൽ എത്തി. ഇറ്റലി, നെതർലൻഡ്സ്, പോർച്ചുഗൽ, ഡെന്മാർക്ക് എന്നിവയാണ് യഥാക്രമം ഏഴ് മുതൽ 10വരെ സ്ഥാനങ്ങളിൽ.