നന്ദി, റോജർ...
Saturday, September 24, 2022 11:42 PM IST
അജിത് ജി. നായർ
‘എന്റെ ജീവിതത്തിന്റെ ഒരു പ്രധാനഭാഗം വിടവാങ്ങുന്നു’- ഇതു പറയുന്പോൾ സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. റാഫ മാത്രമല്ല ലോകം മുഴുവനുള്ള ടെന്നീസ് പ്രേമികളും ഫെഡറർക്കൊപ്പം ആ നിമിഷം വിതുന്പുന്നുണ്ടായിരുന്നിരിക്കണം.
ടെന്നീസ് ഒരു മതമാണെങ്കിൽ അതിന്റെ ദൈവമായിരുന്നു റോജർ ഫെഡറർ. ആ മനുഷ്യന്റെ 24 വർഷം നീണ്ട സംഭവബഹുലമായ പ്രൊഫഷണൽ കരിയറിന് ലണ്ടനിലെ ഒ2 അരീനയിൽ തിരശീല വീഴുന്ന കാഴ്ച കണ്ണീരണിയാതെ കണ്ടുനിൽക്കുക ഒരു ടെന്നീസ് പ്രേമിക്ക് അസാധ്യമായിരുന്നു.
ലേവർ കപ്പിൽ തന്റെ ആത്മസുഹൃത്തും കളിക്കളത്തിലെ ചിരവൈരിയുമായ റാഫയുമൊത്ത് ഡബിൾസ് കളിച്ചുള്ള ആ മടക്കം ടെന്നീസ് ഉള്ളിടത്തോളം കാലം കായികപ്രേമികളുടെ മനസിൽ മായാതെ അവശേഷിക്കും. പക്ഷേ, അവസാന മത്സരത്തിൽ തോൽവി വഴങ്ങാനായിരുന്നു വിധി. ആദ്യസെറ്റ് നേടിയശേഷം 6-4, 6-7 (2-7), 9-11നായിരുന്നു തോൽവി.
103 ടൂർ കിരീടങ്ങൾ, 1251 വിജയം, 20 ഗ്രാൻസ്ലാം തുടങ്ങിയ കണക്കുകളിൽ മാത്രം ഒതുക്കാനാവുന്ന ഒരു താരമല്ലായിരുന്നു ഫെഡറർ. ടെന്നീസിൽ സ്വിസ് താരം ചെലുത്തിയ പ്രഭാവം ഒരിക്കലും അക്കങ്ങൾകൊണ്ട് അളക്കാനാവുമായിരുന്നില്ല.
ടെന്നീസിന്റെ ചരിത്രത്തിൽത്തന്നെ ആരിലും ദർശിച്ചിട്ടില്ലാത്ത വൈഭവം ഫെഡറർ പ്രകടമാക്കി. വേഗത, ശക്തി, ക്രിയാത്മകത, സൗന്ദര്യം ഇവയുടെ സമന്വയമായിരുന്നു ഫെഡററുടെ ടെന്നീസ്. സാക്ഷാൽ റോഡ് ലേവറിനോ ബ്യോണ്ബോർഗിനോ മക്കെൻറോയ്ക്കോ സാംപ്രാസിനോ പോലും കഴിയാത്തതായിരുന്നു രണ്ടര ദശാബ്ദത്തോളം ഫെഡറർ കാഴ്ചവച്ച ടെന്നീസിന്റെ സൗന്ദര്യാത്മകത.
ആ ടെന്നീസ് റാക്കറ്റിൽനിന്നുതിർന്ന എയ്സുകളും വോളികളും വണ് ഹാൻഡഡ് ബാക് ഹാൻഡുകളും ലോകത്തിൽവച്ചേറ്റവും മനോഹരങ്ങളായിരുന്നു. ഒരു ബാലെ താരത്തെപ്പോലെയായിരുന്ന ഫെഡറർ ഇക്കാലമത്രയും ടെന്നീസ് കോർട്ടിൽ ഒഴുകിനടന്നത്. ഡ്രോപ്ഷോട്ടുകളും അസാധ്യമായ ആംഗിളിൽ നിന്നുള്ള ഫോർഹാൻഡുകളും ടെന്നീസ് പ്രേമികളെ എപ്പോഴും വിസ്മയിപ്പിച്ചു. ബിഗ് ത്രീയിലുള്ള മറ്റു രണ്ടു പേരെ അപേക്ഷിച്ച് തികച്ചും അപ്രതീക്ഷിതമായ ടെന്നീസായിരുന്നു ഫെഡററുടെ റാക്കറ്റിൽനിന്ന് ഒഴുകിയത്.
‘ദി മോസ്റ്റ് കംപ്ലീറ്റ് ഗെയിം ഓഫ് ഹിസ് ജനറേഷൻ’ എന്നാണ് ഇതിഹാസതാരം ബില്ലി ജീൻ കിംഗ് ഫെഡററുടെ കളിയെ വിശേഷിപ്പിച്ചത്.
‘നിനക്ക് നന്നായി അറിയാം... നീയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരനെന്ന്... ഒരു കളിക്കാരന്റെ പരാജയത്തിൽ ഞാൻ കരയണമെന്നുണ്ടെങ്കിൽ അയാൾ നീ മാത്രമാണെന്നും നിനക്കറിയാം’- മറ്റൊരു ഇതിഹാസമായ ക്രിസ് എവർട്ട് ഫെഡറർക്ക് ആശംസ നേർന്നുകൊണ്ട് പറഞ്ഞത് അങ്ങനെയായിരുന്നു.
ക്രിസ് എവർട്ട് മാത്രമല്ല ആ വശ്യമായ ടെന്നീസ് ഇഷ്ടപ്പെടുന്ന ഓരോ കായിക പ്രേമിയും ആ പരാജയങ്ങളിൽ കരയുകയും വിജയങ്ങളിൽ ആഹ്ലാദിക്കുകയും ചെയ്തു പോന്നു. സൗന്ദര്യാത്മകതയ്ക്ക് ടെന്നീസിൽ പ്രത്യേകം പോയിന്റ് ഇല്ലായിരുന്നുവെങ്കിലും ഫെഡറർ ആരാധകമനസിൽ പോയിന്റ് വാരിക്കൂട്ടി.
1998ൽ ജൂണിയർ വിംബിൾഡണിൽ സിംഗിൾസിലും ഡബിൾസിലും കിരീടം തുടങ്ങിയ ജൈത്രയാത്ര ഒ2 അരീനയിൽ അവസാനിക്കുന്പോൾ ഒരു യുഗമാണ് കടന്നു പോയത്. അതിനിടയിൽ സംഭവബഹുലമായ എത്രയെത്ര മുഹൂർത്തങ്ങൾ. 2001ൽ പീറ്റ് സാംപ്രാസിനെ തോൽപ്പിച്ച് ലോകത്തെ ഞെട്ടിച്ച വിംബിൾഡണ് മത്സരം മുതൽ 2019ൽ ഇതേ പുൽക്കോർട്ടിൽ അവിശ്വസനീയമായ രീതിയിൽ ജോക്കോവിച്ചിനോടു പരാജയപ്പെട്ട മത്സരം വരെ ടെന്നീസിന്റെ ചരിത്രത്തിൽ സുവർണലിപികളിൽ എന്നന്നേക്കുമായി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു.
എക്കാലത്തെയും ചിരവൈരിയും ആത്മസുഹൃത്തുമായ നദാലുമായി ഏറ്റുമുട്ടിയപ്പോഴെല്ലാം അത് ടെന്നീസ് പ്രേമികൾക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത ആനന്ദം. ടെന്നീസ് ലോകത്ത് മുൻഗാമികളില്ലാത്ത പഥികനായ ഫെഡറർ, ടെന്നീസിന് ഒരു നിയോഗമാണ്.
സിറ്റ്സിപ്പാസ്, ഷാപ്പോവലോവ്, സ്വരേവ്, കാർലോസ് അൽക്കരാസ് തുടങ്ങി ഫെഡററെ മാനസഗുരുവായി പ്രതിഷ്ഠിച്ച് ടെന്നീസ് കളിച്ചു വളർന്ന ഒരു തലമുറയുടെ ഉദയം കണ്ടതിനു ശേഷമാണ് അദ്ദേഹം മടങ്ങുന്നത്.
മിർക്കയ്ക്കും മൈലാ റോസിനും ഷാർലീൻ റിവയ്ക്കും ലിയോയ്ക്കും ലെന്നിയ്ക്കും ഒപ്പം ഇനി കൂടുതൽ സമയം ചെലവഴിക്കാം. ഫെഡററിന്റെ ആജീവനാന്ത സുഹൃത്തും പരിശീലകനുമായ സെവറിൻ ലുത്തിക്കും ഇനി വിശ്രമിക്കാം.
ടെന്നീസിലെ എന്നല്ല ഏത് കായികയിനത്തിലെയും എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് സ്വിസ് മൈസ്ട്രോയുടെ മടക്കം. ടെന്നീസിന്റെ സൗന്ദര്യം വാനോളമുയർത്തിയ യുഗപുരുഷന് വന്ദനം...