നിർണായക പരന്പര: ഷംസി
Monday, September 26, 2022 11:47 PM IST
തിരുവനന്തപുരം: അടുത്ത മാസം നടക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പിനു മുന്നോടിയായുള്ള സീരിസ് എന്ന നിലയ്ക്ക് ഇന്ത്യക്കെതിരായ പരന്പര ഏറെ പ്രാധാന്യത്തോടെയാണു കാണുന്നതെന്നു ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രെയ്സ് ഷംസി.
കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടത്തിയ പത്രസമ്മേളനത്തിലാണു ദക്ഷിണാഫ്രിക്കൻ ഓഫ് സ്പിന്നറുടെ പ്രതികരണം. മികച്ച പോരാട്ടവും വിജയവുമാണു ടീം ലക്ഷ്യമിടുന്നത്. ഇന്ത്യൻ സാഹചര്യങ്ങളിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കെതിരേ പന്തെറിയുക എന്നത് ഏറെ പ്രയാസകരമാണ്. എന്നാൽ, ഇന്ത്യൻ പിച്ചുകളിൽ സ്പിന്നർമാർ മികച്ച പ്രകടനമാണു നടത്താറുള്ളത്.
ആ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തും. ട്വന്റി-20 ലോകകപ്പിനു വേദിയാകുന്ന ഓസ്ട്രേലിയൻ സാഹചര്യവുമായി ഇന്ത്യൻ സാഹചര്യം വ്യത്യസ്തമാണെങ്കിലും ഇന്ത്യയുമായുള്ള മത്സരത്തിന്റെ അനുഭവസന്പത്ത് ലോകകപ്പിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശീലനം തകൃതി
ക്യാപ്റ്റൻ തെംബ ബൗമയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്ക ഇന്നലെ പരിശീലനത്തിനിറങ്ങി. വൈകുന്നേരം അഞ്ചു മുതൽ ആയിരുന്നു പരിശീലനം. ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലർ, ലുംഗി എൻഗിഡി, ആൻറിക് നോർക്കിയ, മാർക്കോ യാൻസണ്, ഹെൻറിച്ച് ക്ലാസണ്, കഗിസൊ റബാദ, തബ്രെയ്സ് ഷംസി തുടങ്ങിയവർ പരിശീലനം നടത്തി.
സ്റ്റേഡിയത്തെക്കുറിച്ച് ദക്ഷിണാഫ്രിക്കൻ സംഘത്തിന് ഏറെ മതിപ്പാണ്. പത്രസമ്മേളനത്തിനെത്തിയ ഷംസി ഇക്കാര്യം പരാമർശിക്കുകയും ചെയ്തു.