മികച്ച കളിക്കാരെ സ്വന്തമാക്കി ആലപ്പി റിപ്പിൾസ് കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിനു മുന്നോടിയായുള്ള കളിക്കാരുടെ ലേലത്തിൽ അക്ഷയ് ചന്ദ്രൻ, കൃഷ്ണ പ്രസാദ്, വിനൂപ് മനോഹരൻ എന്നിവരെ സ്വന്തമാക്കി ആലപ്പി റിപ്പിൾസ്. ഐപിഎൽ താരമായ മുഹമ്മദ് അസ്ഹറുദ്ദിനെ ടീമിന്റെ ഐക്കണ്‍ താരമായി പ്രഖ്യാപിച്ചിരുന്നു. താര ലേലത്തിൽ 6.2 ലക്ഷം രൂപയ്ക്ക് ബാറ്റ്സ്മാൻ കൃഷ്ണ പ്രസാദിനെയാണ് റിപ്പിൾസ് ഏറ്റവും കൂടുതൽ പണം ചെലവിട്ട് സ്വന്തമാക്കിയത്. അക്ഷയ് ചന്ദ്രൻ (അഞ്ചു ലക്ഷം), വിനൂപ് മനോഹരൻ (3.2 ലക്ഷം), ഫനൂസ് ഫൈസ് (മൂന്നു ലക്ഷം) എന്നിങ്ങനെയാണ് കൂടുതൽ പണം മുടക്കി സ്വന്തമാക്കിയ മറ്റു താരങ്ങൾ.
ഗൾഫ് വ്യവസായി ടി. എസ്. കലാധരന്റെ നേതൃത്വത്തിലുള്ള കണ്‍സോൾ ഷിപ്പിംഗ് സർവീസസിന് പുറമേ റാഫെൽ തോമസ്, നിജി ഇസ്മയിൽ, ഷൈബു മാത്യു എന്നിവരാണ് ടീമിന്റെ ഉടമസ്ഥർ. ശരിയായ കളിക്കാരെ ഏറ്റവും യോജിച്ച വിലയിൽ സ്വന്തമാക്കുവാൻ ശ്രമിക്കുക എന്നതായിരുന്നു തീരുമാനം. അത് വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞതായി ടീം ഉടമസ്ഥൻ ടി. എസ്. കലാധരൻ പറഞ്ഞു. മുൻ ഐപിഎൽ ഫാസ്റ്റ് ബൗളർ പ്രശാന്ത് പരമേശ്വരനാണ് ആലപ്പി റിപ്പിൾസിന്റെ ഹെഡ് കോച്ച്.