പത്തനംതിട്ടയിലെ എന്‍ഡിഎ സസ്‌പെന്‍സ് പിസി ജോര്‍ജോ? മല്‍സരിക്കുമെന്ന് പിസി ജോര്‍ജ്
Saturday, March 23, 2019 2:24 PM IST
കോട്ടയം: പത്തനംതിട്ടയിലെ എന്‍ഡിഎ സസ്‌പെന്‍സ് പിസി ജോര്‍ജോ? പത്തനംതിട്ടയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനെക്കുറിച്ച് പുനര്‍ ആലോചിക്കുകയാണെന്ന് പിസി ജോര്‍ജ്. തീരുമാനം രണ്ടു ദിവസത്തിനകം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പൂഞ്ഞാര്‍ എംഎല്‍എ.



മല്‍സരിക്കണമെന്നു നേരത്തെ തീരുമാനിച്ചിരുന്നു. ഈ തീരുമാനം മാറ്റിയതും മല്‍സരിക്കേണ്ടെന്നു തീരുമാനിച്ചതും യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടാണ്. എന്നാല്‍ മല്‍സരിക്കുന്നതില്‍ നിന്നു പിന്‍മാറിയ ശേഷം യുഡിഎഫ് തന്നെ വഞ്ചിച്ചുവെന്നും പിസി ജോര്‍ജ് ആരോപിച്ചു.

യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ആഗ്രഹം.ഇക്കാര്യം പല തവണ മുല്ലപ്പള്ളി രാമചന്ദ്രനേയും രമേശ് ചെന്നിത്തലയേയും അറിയിച്ചതാണ്. എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതോടെ കോണ്‍ഗ്രസ് നേതാക്കള്‍ വഞ്ചിച്ചിരിക്കുകയാണ്.



യുഡിഎഫുമായി സഹകരിക്കണമെന്ന അഭ്യര്‍ഥന ഇപ്പോള്‍ പരിഗണിക്കുന്നില്ല. അതിനാല്‍ മത്സരിക്കാന്‍ തീരുമാനമെടുക്കുകയാണ്. 26ന് ചേരുന്ന ജനപക്ഷ നേതൃയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ബിജെപി മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കാര്യത്തിലും ചര്‍ച്ച തുടരുകയാണ്. ഇക്കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.