തലയോലപ്പറമ്പ്: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ട തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്തുകുന്നേല്‍ വിശ്രുതന്റെ ഭാര്യ ബിന്ദുവി(52)ന് നാട് കണ്ണീരോടെ വിടയേകി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ 8.45ന് വീട്ടിലെത്തിച്ചപ്പോള്‍ മുതല്‍ ഉമ്മാംകുന്നിലെ വീട്ടിലേക്ക് നാടിന്റെ നാനാഭാഗത്തുനിന്നായി വന്‍ജനാവലിയാണ് ബിന്ദുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.
വിവിധ സ്ഥലങ്ങളില്‍നിന്നു നൂറുകണക്കിനാളുകള്‍ എത്തിയതോടെ ഉള്‍പ്രദേശത്തിലെ വീട്ടിലേക്ക് ജനത്തിനു സുഗമമായി എത്താന്‍ തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയുടെ മുന്‍വശം മുതല്‍ ബിന്ദുവിന്റെ വീടുവരെയുള്ള നിരത്തിലും മൃതദേഹം പൊതുദര്‍ശനത്തിനുവച്ച വീടിനു സമീപത്തെ പുരയിടത്തിലും വൈക്കം ഡിവൈഎസ്പി ടി.ബി. വിജയന്റെ നേതൃത്വത്തില്‍ വൈക്കം, തലയോലപ്പറമ്പ്, വെള്ളൂര്‍ പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങള്‍ ക്രമീകരണം ഏര്‍പ്പെടുത്തി.
വീട്ടില്‍ സ്ഥലപരിമിതി ഉള്ളതിനാല്‍ സമീപത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടുവളപ്പിലാണു ചിതയൊരുക്കിയത്. ഉച്ചയ്ക്ക് ഒന്നോടെ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ സംസ്കാരം നടത്തി. ജില്ലാ കളക്ടര്‍ രാവിലെ 10.30നു വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എംഎല്‍എമാരായ സി.കെ. ആശ, മോന്‍സ് ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എ.പി. അനില്‍കുമാര്‍, ചാണ്ടി ഉമ്മന്‍, പി.സി. വിഷ്ണുനാഥ്, സിപിഐ ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം, കെ.സി. ജോസഫ്, പി.സി. തോമസ്, ഷാനിമോള്‍ ഉസ്മാന്, നാട്ടകം സുരേഷ്, ഫില്‍സണ്‍ മാത്യൂസ്, ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്ത്യമോപചാരമര്‍പ്പിച്ചു.