ബാലരാമപുരത്ത് ബസിന് നേരെ കല്ലേറ്: കണ്ടക്ടർക്ക് പരിക്ക്
1224046
Saturday, September 24, 2022 12:10 AM IST
ബാലരാമപുരം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ദേശീയ നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ ഹർത്താൽ ബാലരാമപുരത്ത് അക്രമാസക്തമായി. ബൈക്കിലെത്തിയ സംഘം ബസുകൾ തകർത്തു. കല്ലേറിൽ ബസിന്റെ മുൻ ഗ്ലാസ് പൊട്ടി തെറിച്ച് വീണ് നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവർ ആലപ്പുഴ സ്വദേശി സുനിൽകുമാറിന്റെ(47) കണ്ണിന് പരിക്കേറ്റു.
നിരവധി യാത്രക്കാരുമായെത്തിയ ഭാസ്ക്കർ നഗർ- മെഡിക്കൽ കോളജ് ബസിന് നേരെ ഇന്നലെ രാവിലെ 8.30 ന് ദേശീയ പാതയിൽ വഴിമുക്ക് കല്ലമ്പലത്തു വച്ചാണ് ബൈക്കിലെത്തിയ ഇരുവർ സംഘം ആക്രമണം നടത്തിയത്. കല്ലേറ് നടത്തിയതിനു പിന്നാലെ അക്രമികൾ ബൈക്കിൽ കയറി കടന്നുകളയുകയായിരുന്നെന്ന് ഡ്രൈവർ പറഞ്ഞു. തുടർന്ന് ബാലരാമപുരത്ത് പ്രതിഷേധം ശക്തമായതോടെ സർവീസ് റദ്ദാക്കി യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. ആർഎസി 382 ബസിന്റെ മുൻവശത്തെ ഗ്ലാസാണ് തകർന്നത്.
രാവിലെ എട്ടിന് സർവീസ് നടത്തിയ കുളത്തൂർ- തിരുവനന്തപുരം കെഎസ്ആർടിസി ബസിന് നേരെ ദേശീയപാതയിൽ മുടവൂർപ്പാറ നസ്രത്ത് ഹോം സ്കൂളിന് സമീപവും കല്ലേറുണ്ടായി. ബസിന്റെ സൈഡ് ഗ്ലാസാണ് അക്രമികൾ തകർത്തതിനു ശേഷം കടന്നുകളഞ്ഞത്. സംശയത്തെ തുടർന്ന് വഴിയാത്രക്കാരനായ യുവാവിനെ പോലീസ് പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. മുടവൂർപ്പാറയിൽ ടിപ്പർലോറി ഡ്രൈവർ ജിനുവിനും കല്ലേറിൽ നെഞ്ചിൽ പരിക്കേറ്റു. ബാലരാമപുരം വഴിമുക്ക്, മുടവൂർപ്പാറ എന്നീ സ്ഥലങ്ങളിൽ ഉണ്ടായ അക്രമങ്ങളിൽ ബാലരാമപുരം പോലീസ് കേസെടുത്തു.