മലയോര ആദിവാസി മേഖലയിൽ പട്ടയങ്ങള്‍ക്കായി പ്രത്യേക മിഷന്: മന്ത്രി കെ. രാജന്
1225314
Tuesday, September 27, 2022 11:21 PM IST
തിരുവനന്തപുരം: ആദിവാസി മേഖലകളിലും മലയോര പ്രദേശങ്ങളിലും പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേക മിഷന് നടപ്പിലാക്കുമെന്ന് മന്ത്രി കെ.രാജന്. നിലവിലെ ലാന്റ് ട്രൈബ്യൂണലിന് പുറമെയാണ് ഇവ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി പറഞ്ഞു.
നെടുമങ്ങാട് താലൂക്കിലെ ആനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമുള്ള അടിസ്ഥാന ഘടകമാണ് വില്ലേജ് ഓഫീസുകള്‍. അവയുടെ ആധുനികീകരണത്തിലൂടെ ജനങ്ങള്‍ക്ക് സുതാര്യമായ സേവനം ഉറപ്പാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് റവന്യൂ വകുപ്പിലെ ഡിജിറ്റല്‍ റീസര്‍വ്വേ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആനാട് പഞ്ചായത്തില്‍ ടേക്ക് എ ബ്രേക്ക് ആരംഭിക്കുന്നതിനായി ജില്ലാ ഭരണകൂടം വിട്ടു നല്കിയ അഞ്ച് സെന്റ് ഭൂമി മന്ത്രി പഞ്ചായത്തിന് കൈമാറി. വില്ലേജ് ഓഫീസിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്കുള്ള തുക പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചതായി ചടങ്ങില്‍ അധ്യക്ഷനായ ഡി.കെ. മുരളി എംഎല്‍എ പറഞ്ഞു. ആനാട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എംപി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എഡിഎം അനില്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.