പ്രദർശന വേദികളിൽ ഇന്നലെയും സംഘർഷം
1262249
Wednesday, January 25, 2023 11:35 PM IST
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിൽ ആക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശന വേദികളിൽ സംഘർഷം തുടരുന്നു.ഡോക്യുമെന്ററി പ്രദർശിപ്പിച്ച വേദികളിലേക്ക് ഇന്നലെയും ബിജെപി യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായെത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്.
മണിക്കൂറുകളോളം നീണ്ട തർക്കങ്ങൾക്കൊടുവിലാണ് രംഗം ശാന്തമായത്.അതേസമയം ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ ഉണ്ടായ പ്രതിഷേധങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും ബിജെപിയുവമോർച്ച പ്രതിഷേധങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്.
നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൂജപ്പുരയിലെ പ്രതിഷേധത്തില്‍ കൗൺസിലറും ബിജെപി ജില്ലാ പ്രസിഡന്റുമായ വി.വി.രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 13 പേരാണ് കേസില്‍ പ്രതികള്‍.
കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയാണ് കേസെടുത്തത്. എന്നാല്‍ ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിച്ച് ഉത്തരവില്ലാത്തതിനാല്‍ ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിക്കുന്നവർക്കെതിരെ കേസെടുക്കാന്‍ നിര്വാഹാമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.