വെഞ്ഞാറമൂട് സ്കൂളിനു സമീപം സംഘർഷം
1262269
Thursday, January 26, 2023 12:04 AM IST
വെഞ്ഞാറമൂട് : ആറ്റിങ്ങൽ റോഡിൽ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി. ഒടുവിൽ നാട്ടുകാരുംപോലീസുമെത്തി വിദ്യാർഥികളെ പിരിച്ചുവിടുകയാ യിരുന്നു. വെഞ്ഞാറമൂട് സ്കൂൾവിട്ട സമയത്താണ് വിവിധ യൂണിഫോംധാരികളായ വിദ്യാർഥികൾ പരസ്പരം ഏറ്റുമുട്ടിയത്. സ്വകാര്യ ബാറിനു പുറകുഭാഗത്തായുള്ള ചിറയ്ക്കു സമീപമാണു വിദ്യാർഥികൾ കയ്യാങ്കളിയിൽ ഏർപ്പെട്ടത്.
ഇവിടെ ഇത്തരത്തിൽ വിദ്യാർഥികൾ പതിവായി സംഘർഷത്തിൽ ഏർപ്പെടുന്നതായാണ് പരിസരവാസികൾ പറയുന്നത്.
പെൺകുട്ടിയെ അപമാനിച്ച
യുവാവ് പിടിയിൽ
പേരൂർക്കട: വഞ്ചിയൂരിലെ ഒരു സ്വകാര്യസ്കൂളിനു സമീപത്തെ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാംരാജ് (34) ആണ് പിടിയിലായത്. ജനുവരി 21നായിരുന്നു കേസിനാസ്പദമായ സംഭവം.
വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് യുവതിയെ കടന്നുപിടിച്ചു. യുവതി ബഹളംവച്ചപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. വഞ്ചിയൂർ സിഐ ദിപിൻ, എസ്ഐ ഉമേഷ്, സിപിഒമാരായ ജോസ്, രാഗേഷ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതി റിമാൻഡിലാണ്.