പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഡെലിവറി ബോയ് പിടിയിൽ
1262552
Friday, January 27, 2023 11:59 PM IST
വിതുര : പ്രണയം നടിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഫുഡ് ഡെലിവറി ബോയ് പിടിയിൽ. വള്ളക്കടവ് മുക്കോലയ്ക്കൽ ഇടവളാകം വീട്ടിൽ അഖിൽ (21) ആണ് വിതുര പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിപിടിയിലായത്. പ്രതി രണ്ടുവർഷംമുമ്പു വട്ടിയൂർക്കാവ് സ്വദേശിനിയായ പെൺകുട്ടിയുമായി അഖിൽ ഒളിച്ചോടിയിരുന്നു. വീട്ടുകാർ ഇടപെട്ട് ഇവരുടെ വിവാഹം നടത്തിക്കൊടുത്തിരുന്നു. ഇതിൽ എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. ഈ വിവരം മറച്ചുവച്ചാണ് വിതുര സ്വദേശിയായ പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയത്. ഓൺലൈൻവഴി ആഹാരം ബുക്ക് ചെയ്യുന്ന പെൺകുട്ടികളെയാണ് പ്രതി വലയിലാക്കുന്നതെന്ന് പോലീസ് പറഞ്ഞു. വിതുര എസ്എച്ച്ഒ അജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.