മൂട്ട് കോർട്ട് മത്സരം: തിരുവനന്തപുരം മാർ ഗ്രിഗോറിയസ് കോളജ് ജേതാക്കൾ
1279195
Sunday, March 19, 2023 11:54 PM IST
കണ്ണൂർ: സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ പ്രവർത്തിക്കുന്ന ബാരിസ്റ്റർ എം.കെ. നമ്പ്യാർ ചെയർ സംഘടിപ്പിച്ച ദേശീയ മൂട്ട് കോർട്ട് മത്സരത്തിൽ തിരുവനന്തപുരം മാർ ഗ്രിഗോറിയസ് കോളജ് ഓഫ് ലോയിലെ മയൂരി എ. നായർ, വർഷ വിജയകുമാർ, അഭിരാമി ആർ. അനിൽ എന്നിവർ അടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഓഫ് ലോ ആണ് റണ്ണർ അപ്പ്.
ഇന്ത്യയിൽ പുതുതായി നടപ്പാക്കിയിട്ടുള്ള ഭരണഘടനയുടെ 103-ാം ഭരണഘടനാ ഭേദഗതിയുടെ വിശദപരിശോധന നടത്തിയ ഫൈനൽ മത്സരത്തിൽ കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് മുഹമ്മദ് മുഷ്ത്താഖ്, ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ്, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷ കൻ പി.വി. ദിനേഷ് എന്നിവർ ഫൈനൽ മത്സരത്തിൽ വിധികർത്താക്കളായി.
ഒന്നാം സ്ഥാനം നേടിയ ടീമിന് 50,000 രൂപയും പ്രശസ്തി പത്രവും ബാരിസ്റ്റർ എം.കെ. നമ്പ്യാർ ചെയർ ട്രോഫിയുമാണ് സമ്മാനമായി ലഭിച്ചത്. രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും പ്രശസ്തി പത്രവും ബാരിസ്റ്റർ എം.കെ. നമ്പ്യാർ ചെയർ ട്രോഫിയുമാണ് ലഭിച്ചത് . മത്സരത്തിലെ മികച്ച അഡ്വക്കേറ്റായി തെരെഞ്ഞെടുത്തത് ചെന്നൈ സ്കൂൾ ഓഫ് എക്സലൻസ് ഓഫ് ലോ യൂണിവേഴ്സിറ്റിയിലെ മറിയും അമീനെയാണ്. ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ, പഞ്ചാബിന്റെ മെമ്മോറിയൽ മികച്ച മെമ്മോറിയലിനുള്ള അവാർഡ് നേടി.
ഫൈനൽ മത്സരത്തിലെ വിധികർത്താക്കൾ തന്നെയാണ് വിജയികൾക്ക് ഉപഹാരം നൽകിത്. കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. രാഖി രാഘവൻ വിജയികളെ പ്രഖ്യാപിച്ചു. രജിസ്ട്രാർ ഡോ. ജോബി കെ. ജോസ്, നിയമ വിഭാഗം മേധാവി ഡോ. ഷീന ഷുക്കൂർ എന്നിവർ പങ്കെടുത്തു.