ജോലി തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ
1279212
Sunday, March 19, 2023 11:56 PM IST
പോത്തൻകോട്: സഹകരണ സംഘങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പിനിരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പോത്തൻകോട് വാവറ അമ്പലം മംഗലത്തുനട രഞ്ജിത്ത് ഭവനിൽ രജിത് (38) ആണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രജിത്തിനെ വീട്ടിലെ മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള ട്രെഡിഷണൽ ഫുഡ് പ്രോസസിംഗ് ആൻ ഡ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലിക്കായാണ് ഇയാൾ പണം നൽകിയത്. ചിറയിൻകീഴ് സ്വദേശി സജിത്ത്കുമാറാണ് തട്ടിപ്പ് നടത്തിയത്. വാവറ അമ്പലം സ്വദേശിയായ രജിതും സജിത്ത് കുമാറിന് 7.8ലക്ഷം രൂപ നൽകിയിരുന്നു. രജിതിനും ഭാര്യയ്ക്കുമായി ജോലിക്കായാണ് പണം നൽകിയിരുന്നത്. പലതവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും സജിത് പണം മടക്കി നൽകിയില്ല. വീട്ടിൽ ആരുമില്ലാതിരുന്ന നേരത്താണു രജിത് ആത്മഹത്യ ചെയ്തത്. തൊഴിലുറപ്പിനു പോയിരുന്ന അമ്മ മടങ്ങിവന്നു വിളിച്ചിട്ടും മുറി തുറക്കാത്തതിനാൽ അയൽവാസികളെ അറിയിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. പോത്തൻകോട് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡി. കോളജ് ആശുപത്രി മോർച്ചറിയിലേക്കുമാറ്റി. ഭാര്യ: രേവതി. മകൻ: ഋഷികേശ്.