യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: നാലു പേർ പിടിയിൽ
1281357
Sunday, March 26, 2023 11:05 PM IST
വിഴിഞ്ഞം: കോവളം സ്വദേശികളായ യുവാക്കളെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ പിടിയിൽ. 19 അംഗ സംഘത്തിലെ നാലുപേരെയാണ് വിഴിഞ്ഞം പോലീസ് ഇന്നലെ അറസ്റ്റുചെയ്തത്. വിഴിഞ്ഞം ഹാർബർ റോഡിൽ കപ്പച്ചാല ഹൗസിൽ അബ്ദുൾ റസാഖ്(36), ചെന്നവിളാകത്ത് യാസർ(35),ഹിസാൻ(32)പുല്ലുർക്കോണത്ത് ഷാജഹാൻ(32) എന്നിവരാണ് അറസ്റ്റിലായത്. ഇതേ സംഭവത്തിൽപ്പെട്ട അക്ബർ ഷായെ കഴിഞ്ഞ ദിവസം പോലീസ്അറസ്റ്റുചെയ്തിരുന്നു. ഇതോടെ അറസ്റ്റുചെയ്തവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ 20ന് രാത്രിയിലായിരുന്നു സംഭവം. യുവാക്കളിലൊരാളുടെ അച്ഛനെ പ്രതികളിൽ ചിലർ മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത വൈരാഗ്യത്തിലാണ് 19 അംഗ സംഘമെത്തി ഇടിക്കട്ടയുപയോഗിച്ച യുവാക്കളെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു. വിഴിഞ്ഞം പോലീസ് കേസെടുത്തതിനെ തുടർന്ന് ഇവർ ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്. അറസ്റ്റിലാകാനുള്ള 14 പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. അറസ്റ്റിലായ പ്രതികളെ റിമാൻഡുചെയ്തു.