നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭാ ബജറ്റിന്മേലുള്ള ചര്‍ച്ചയിൽ കറുത്ത ബാഡ്ജ് ധരിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍. ബജറ്റ് പരാജയമെന്ന ആരോപണവുമായി ആദ്യം യുഡിഎഫും പിന്നീട് ബിജെപിയും കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു.110, 72, 18,579 രൂപ വരവും 106,07,80,000 രൂപ ചെലവും 4,64,38,579 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്.
ഇന്നലെ രാവിലെ നഗരസഭാ ചെയര്മാന് പി.കെ. രാജമോഹനന്റെ അധ്യക്ഷതയില്‍ ആരംഭിച്ച ബജറ്റ് ചര്‍ച്ചാ യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ഡോ. എം.എ. സാദത്ത് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് സംസാരിച്ച യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജെ. ജോസ് ഫ്രാങ്ക്ളിന് ബജറ്റിനെ വിമര്‍ശിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ജന്‍ഡര്‍ ബജറ്റ് പോലെ പുതിയ സാന്പത്തിക വര്‍ഷത്തെ സാധാരണ ബജറ്റും സന്പൂര്ണപരാജയമെന്ന് അദ്ദേഹം ആരോപിച്ചു. ബജറ്റ് ചര്‍ച്ചാ യോഗത്തില്‍ വസ്തു തട്ടിപ്പ് കേസിലെ ആരോപണ വിധേയനായ തവരവിള വാര്‍ഡ് കൗണ്‍സിലര്‍ പങ്കെടുത്തതില്‍ യുഡിഎഫ് പ്രതിഷേധം അറിയിച്ചു. ഭരണവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സിലിന്റെ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് ജോസ് ഫ്രാങ്ക്ളിന്റെ നേതൃത്വത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ബജറ്റ് ചര്‍ച്ച ബഹിഷ്കരിച്ചു. കൗണ്‍സില്‍ ഹാളിനു പുറത്തിറങ്ങിയ കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിന്റെ പ്രവേശന കവാടത്തില്‍ കുത്തിയിരുപ്പ് സമരം നടത്തി. കറുത്ത ബാഡ്ജും ധരിച്ചാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചര്‍ച്ചയ്ക്കെത്തിയത്.ജനങ്ങളെ വഞ്ചിക്കുന്ന ബജറ്റാണ് എല്‍ഡിഎഫ് അവതരിപ്പിച്ചതെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഷിബു രാജ് കൃഷ്ണ ആരോപിച്ചു. ഷിബുരാജ് കൃഷ്ണയുടെ നേതൃത്വത്തില്‍ യോഗത്തില്‍ നിന്നും പുറത്തിറങ്ങിയ ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിനു മുന്നില്‍ ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.