ലയോള കോളജ് സാമൂഹ്യ ശാസ്ത്രമേഖലയിലെ മികച്ച സ്ഥാപനം: മന്ത്രി ഡോ.ആർ.ബിന്ദു
1282676
Thursday, March 30, 2023 11:11 PM IST
തിരുവനന്തപുരം : സമൂഹത്തിനാവശ്യമായ സാമൂഹ്യ ശാസ്ത്രമേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന സ്ഥാപനമാണ് ലയോള കോളജെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. ശ്രീകാര്യം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസ് വജ്രജൂബിലി ബ്ലോക്ക് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. സാമൂഹ്യശാസ്ത്ര പഠനത്തിൽ ആറുപതിറ്റാണ്ടായി മികച്ച പ്രവർത്തനം ലയോള കോളജ് സമൂഹത്തിനു നൽകിവരികയാണ്.
കേരളത്തിൽ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന ബഹുമതി പല തവണ നേടിയിട്ടുണ്ട്. ജെസ്യൂട്ട് മിഷണറിമാരുടെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര പഠനത്തിന് ഉൗന്നൽ നൽകുന്ന ലയോള കോളജ് വികസനത്തിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പറഞ്ഞു. ദാരിദ്ര്യ നിർമാർജനത്തിന് വഴികാട്ടിയായി ലയോള കോളജ് നടത്തിയ പഠനമാണ് കുടുംബശ്രീയിലേക്കു ചെന്നെത്തിയതെന്ന് മന്ത്രി പറഞ്ഞു. കേരള ഗവർണറായിരുന്ന വി.വി. ഗിരിയുടെ ക്ഷണപ്രകാരം ശ്രീകാര്യത്ത് പ്രവർത്തനം ആരംഭിച്ച സ്ഥാപനം ജസ്യൂട്ട് സ്ഥാപനങ്ങളിൽ മികവിന്റെ കേന്ദ്രമായത് അഭിമാനകരമാണെന്ന് വജ്രജൂബിലി ബ്ലോക്ക് ഉദ്ഘാടനം നിർവഹിച്ച കേരള ജസ്യൂട്ട് പ്രൊവിൻഷ്യാൾ ഫാ. ഇ.പി. മാത്യു എസ്ജെ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വീഡിയോ സന്ദേശം നൽകി. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻകുന്നുമ്മേൽ, കേരള ജസ്യൂട്ട് ഹയർ എഡ്യൂക്കേഷൻ കോ-ഓർഡിനേറ്റർ റവ.ഡോ. ബിനോയ് ജേക്കബ് എസ്ജെ, ലയോളകോളജ് അലൂമിനി അസോസിയേഷൻ പ്രസിഡന്റ് എ.എസ്. ഗിരീഷ്, സെക്രട്ടറി ഡോ.എസ്.അനിത,ലയോള ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. സണ്ണി കുന്നപ്പള്ളിൽ എസ്ജെ, ലയോള കോളജ് പ്രിൻസിപ്പൽ ഡോ. പി.സജി ജേക്കബ് എന്നിവർ പ്രസംഗിച്ചു.