രാജ്യാന്തര ചലച്ചിത്രമേള: കാതൽ ഉൾപ്പെടെ ഇന്ന് 67 ചിത്രങ്ങൾ
1377253
Sunday, December 10, 2023 2:26 AM IST
തിരുവനന്തപുരം: മീലാദ് അലാമിയുടെ ഒപ്പോണന്റ്, റാഡു ജൂഡിന്റെ റൊമാനിയൻ ചിത്രം ഡു നോട്ട് എസ്പെക്ട് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ് എന്നിവ ഉൾപ്പടെ 67 ലോകക്കാഴ്ചകൾക്ക് ഇന്ന് രാജ്യാന്തര ചലച്ചിത്ര മേള വേദിയൊരുക്കും.
കൗതർ ബെൻ ഹനിയയുടെ ടുണീഷ്യൻ ചിത്രം ഫോർ ഡോട്ടേഴ്സ്, ഫിലിപ് ഗാൽവേസിന്റെ ചിലിയൻ ചിത്രം ദി സെററോലസ്, ഭൂട്ടാനിൽ നിന്നുള്ള ദി മോങ്ക് ആൻഡ് ദി ഗൺ, ഫ്രഞ്ച് ചിത്രം ബനേൽ ആൻഡ് അഡാമ, വിം വെൻഡേഴ്സിന്റെ ജാപ്പനീസ് ചിത്രം പെർഫെക്റ്റ് ഡെയ്സ്, അജ്മൽ അൽ റഷീദിന്റെ ഇൻഷാഅള്ളാഹ് എ ബോയ്, ഡെന്മാർക്കിൽ നിന്നുള്ള ദി പ്രോമിസ്ഡ് ലാൻഡ്, റാഡു ജൂഡിന്റെ റൊമാനിയൻ ചിത്രം ഡു നോട്ട് എസ്പെക്ട് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ് എന്നീ ചിത്രങ്ങളും ഉറുഗ്വേയിൽ നിന്നുള്ള ഫാമിലി ആൽബം, സ്റ്റീഫൻ കോമൻഡരേവിന്റെ ബ്ലാഗാസ് ലെസൺസ്, മീലാദ് അലാമിയുടെ ഒപ്പോണന്റ് എന്നീ 11 ഓസ്കാർ എൻട്രി ചിത്രങ്ങളും ക്രിസ്റ്റോഫ് സനൂസിയുടെ ദി ഫോറിൻ ബോഡിയും ദി കോൺട്രാക്റ്റ് എന്നീ ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും.
ഓസ്കാർ അവാർഡ് നേടിയ ജാപ്പനീസ് സംവിധായൻ റുസ്യുകെ ഹാമാഗുച്ചിയുടെ ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ്, ഉസ്ബെഖ് ചിത്രമായ സൺഡേ , ഫർഹാദ് ദെലാറാമിന്റെ ഇറാനിയൻ ചിത്രം അക്കിലിസ്, പ്രിസൺ ഇൻ ദി ആന്റസ്, ഫാന്റസി ചിത്രം സെർമൺ ടു ദി ബേർഡ്സ് എന്നീ മത്സരചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.
അഞ്ച് മലയാള ചിത്രങ്ങളാണ് മൂന്നാം ദിവസം സ്ക്രീനിലെത്തുക. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ സ്വവർഗാനുരാഗികൾ സമൂഹത്തിൽ അനുഭവിക്കുന്ന യാതനകളും അവഗണനകളുമാണ് തുറന്ന് കാട്ടുന്നത്. ആനന്ദ് ഏകർഷി ഒരുക്കിയ ആട്ടം, കെ. ജി. ജോർജ് ചിത്രം യവനിക, എം. ടി. വാസുദേവൻ നായർ രചിച്ച് പി. എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും, ശാലിനി ഉഷാദേവി ഒരുക്കിയ എന്നെന്നും എന്നീ ചിത്രങ്ങളുടെ പ്രദർശനവും റിനോഷൻ സംവിധാനം ചെയ്ത ഫൈവ് ഫസ്റ്റ് ഡേറ്റ്സിന്റെ പുനർപ്രദർശനവും ഇന്നുണ്ടാകും.
മത്സരവിഭാഗത്തില്‍ അഞ്ച് ചിത്രങ്ങള്‍
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇറാനിയന്‍ ചിത്രം അക്കിലിസ് ഉള്‍പ്പടെ ഇന്നു പ്രദര്‍ശിപ്പിക്കുന്നത് അഞ്ച് മത്സരചിത്രങ്ങള്‍. പ്രതിരോധം, അതിജീവനം, പാരിസ്ഥിതിക പ്രശ്നങ്ങള്‍, മാനുഷിക സംഘര്‍ഷങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈവിള്‍ ഡസ് നോട്ട് എക്സിസ്റ്റ്, സണ്‍ഡേ, അക്കിലിസ്, പ്രിസണ്‍ ഇന്‍ ദി ആന്റസ്, സെര്‍മണ്‍ ടു ദി ബേര്‍ഡ്സ് എന്നീ ചിത്രങ്ങളാണ് ഇന്നു മത്സര വിഭാഗത്തില്‍ സ്ക്രീനിലെത്തുക.

ഓസ്കാര്‍ അവാര്‍ഡ് നേടിയ ജാപ്പനീസ് സംവിധായന് റുസ്യുകെ ഹാമാഗുച്ചിയാണ് ഈവിള്‍ ഡസ് നോട്ട് എക്സിസ്റ്റിന്റെ സംവിധായിക. ടകുമി എന്നയാളുടെ ഗ്രാമത്തിലേക്ക് വ്യവസായികള്‍ എത്തുന്നതും തുടര്‍ന്നുണ്ടാവുന്ന പാരിസ്ഥിതിക സാമൂഹിക സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഷോക്കിര്‍ ഖോലിക്കോവ് എന്ന നവാഗത ഉസ്ബെക്കിസ്ഥാന് സംവിധായകന്റെ ചിത്രമായ സണ്‍ഡേ രണ്ടു തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് പ്രമേയമാക്കിയിരിക്കുന്നത്.
ഒരു രാഷ്ട്രീയ തടവുകാരിയെ ജയിലില്‍ നിന്ന് രക്ഷപെടാന്‍ സഹായിക്കുന്ന മുന്‍ ചലച്ചിത്രനിര്‍മാതാവിന്റെ ജീവിതം ഇതിവൃത്തമാക്കിയ ഫര്‍ഹാദ് ദെലാറാമിന്റെ ഇറാനിയന്‍ ചിത്രം അക്കിലിസ്, അപ്രതീക്ഷിത സംഭവങ്ങളെ തുടര്‍ന്ന് ആഡംബര ജീവിതം നഷ്ടപ്പെടുമോ എന്ന് ഭയക്കുന്ന കുറ്റവാളികളുടെ കഥപറയുന്ന പ്രിസണ്‍ ഇന്‍ ദി ആന്റസ്, ഹിലാല്‍ ബയ്ദറോവിന്റെ അസര്ബെയ്ജാന് ഫാന്റസി ചിത്രം സെര്‍മണ്‍ ടു ദി ബേര്‍ഡ്സ് എന്നിവയാണ് മത്സരവിഭാഗത്തില്‍ ഇന്നു പ്രദര്‍ശിപ്പിക്കുന്ന മറ്റു ചിത്രങ്ങള്‍.
മണ്മറഞ്ഞ പ്രതിഭകള്‍ക്ക് മേള ഇന്നു സ്മരണാഞ്ജലിയര്‍പ്പിക്കും
തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മണ്മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് രാജ്യാന്തര ചലച്ചിത്രമേള ഇന്നു ആദരമര്‍പ്പിക്കും. ഇന്നു വൈകുന്നേരം 5.30ന് നിള തിയേറ്ററിലാണ് സ്മരണാഞ്ജലി.
ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന കെ.ജി. ജോര്‍ജിന്റെ യവനികയ്ക്ക് മുന്നോടിയായി നടക്കുന്ന ചടങ്ങില്‍ സംവിധായകന് ടി.വി. ചന്ദ്രന് കെ.ജി ജോര്‍ജിനെ അനുസ്മരിക്കും. കഐസ്എഫ്ഡിസി ചെയര്മാന് ഷാജി എന്‍. കരുണ്‍ അധ്യക്ഷനാകും. ചലച്ചിത്ര നിര്‍മാതാവ് ജനറല്‍ പിക്ചേഴ്സ് രവിയെ അദ്ദേഹം അനുസ്മരിക്കും.
സംവിധായകന് സിദ്ദിഖ്, നടന് ഇന്നസെന്റ് എന്നിവരെ അനുസ്മരിച്ച് നടന് മുകേഷ് സംസാരിക്കും. സംവിധായകന് കമല്‍ മാമുക്കോയ അനുസ്മരണ പ്രഭാഷണം നടത്തും. സിബി മലയില്‍ നിര്‍മാതാവ് പി.വി. ഗംഗാധരനെക്കുറിച്ചും ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം ബ്രിട്ടീഷ് നിരൂപകന് ഡെറിക് മാല്ക്കമിനേയും ഫാ.ബെന്നി ബെനിഡിക്റ്റ് കെ.പി ശശിയേയും അനുസ്മരിക്കും.മണ്മറഞ്ഞ ചലച്ചിത്രപ്രതിഭകളുടെ സംഭാവനകള്‍ അടയാളപ്പെടുത്തി ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും.
ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്, വൈസ് ചെയര്മാന് പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, സംവിധായകന് ജിയോ ബേബി, വി.ആര്.സുധീഷ്, കെ.ജി ജോര്‍ജിന്റെ മകള്‍ താരാ ജോര്‍ജ്, മാമുക്കോയയുടെ മകന് നിസാര്‍, ജനറല്‍ പിക്ചേഴ്സ് രവിയുടെ മകന് പ്രകാശ് ആര്.നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.