കുട്ടികളുടെ സർഗാത്മകശേഷി വർധിപ്പിക്കാൻ ശിശുക്ഷേമ സമിതിയുടെ പരിശീലനക്കളരി
1425481
Tuesday, May 28, 2024 2:42 AM IST
തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗാത്മക ശേഷി വികസിപ്പിക്കാൻ പരിശീലനക്കളരി ആരംഭിക്കുന്നു. തൈക്കാടുള്ള സമിതിയുടെ ആസ്ഥാനത്ത് ജൂണ്‍ എട്ടു മുതലാണു കളരി.
സാഹിത്യം, കായികം, നാടൻ കലകൾ, പ്രമുഖരുമായുള്ള സംവാദങ്ങൾ, മാധ്യമ ശിൽപശാല, അക്കാദമിക് വിഷയങ്ങൾ, സിനിമ, ശാസ്ത്രം, യോഗ, കരാട്ടെ, എന്നിവയാണു ക്യാന്പിൽ പരിശീലിപ്പിക്കന്നതെന്നു ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുണ്‍ഗോപി പത്രസമ്മേളനത്തിൽ പറഞ്ഞു.
എട്ടു വയസുമുതൽ 16 വയസുവരെയുള്ള കുട്ടികൾക്ക് ആർട്ട്സ് അക്കാദമിയിൽ അഡ്മിഷൻ ലഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ പന്ത്രണ്ടു വരെയാണു പരിശീലനം. നൃത്തം, സംഗീതം, വാദ്യസംഗീതം, ചിത്രരചന കരാട്ടെ, യോഗ എന്നീ പൊതു വിഷയങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണം കുട്ടികൾക്കു തെരഞ്ഞെടുക്കാം. കൂടാതെ എട്ടു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കു ഈ മാസം 31, ജൂണ്‍ ഒന്നു തീയതികളിൽ ശിശുക്ഷേമ സമിതി അങ്കണത്തിൽ വച്ചു സ്കോപ്പോസ് എന്ന പേരിൽ കരിയർ ഗൈഡൻസ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുമെന്നും അരുണ്‍ ഗോപി പറഞ്ഞു.
ഹൈസ്കൂൾ, ഹയർസെക്കൻഡറി തലം വരെയുള്ള കുട്ടികൾക്കു രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ക്യാന്പിൽ പങ്കെടുക്കാം. പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9847464613, 8943448834, 9074800306.