എരുത്താവൂര്‍ - റസല്‍പുരം-പെരുന്പഴുതൂര്‍ റോഡിലൂടെയുള്ള യാത്ര ദുരിതമെന്ന് നാട്ടുകാർ
1425494
Tuesday, May 28, 2024 2:42 AM IST
നെയ്യാറ്റിന്‍കര : എരുത്താവൂരു നിന്നും റസല്‍പുരം വഴി പെരുന്പഴുതൂര്‍ ഹൈസ്കൂളിനു മുന്നിലൂടെ ജംഗ്ഷനിലേയ്ക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയില്‍. മാസങ്ങളായി റോഡ് ഇത്തരത്തില്‍ യാത്രായോഗ്യമല്ലാത്ത സാഹചര്യത്തിലാണെന്ന് നാട്ടുകാരും നിത്യേന യാത്ര ചെയ്യുന്ന യാത്രക്കാരും ആരോപിച്ചു. റസല്‍പുരം മുതല്‍ റോഡ് തകര്‍ന്ന നിലയിലാണ്.
ടാറും മെറ്റലുമിളകി വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് ഇതുവഴി യാത്ര അപകടകരമാണെന്നും യാത്രക്കാര്‍ കൂട്ടിച്ചേര്‍ത്തു. കുഴികളില്‍ മഴവെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ അവയുടെ ആഴവും വിസ്താരവുമൊന്നും വ്യക്തമായി അറിയാനാകില്ല. രാത്രികാലങ്ങളിലാണ് ബുദ്ധിമുട്ട് കൂടുതല്‍. റസല്പുരത്തു നിന്നും പെരുന്പഴുതൂരിലേയ്ക്ക് വണ്ടന്നൂര്‍ വഴി മറ്റൊരു പാത നിലവിലുണ്ട്.
റോഡ് സുഗമമായ ഗതാഗതത്തിനു യോജിച്ച വിധത്തില്‍ ടാര്‍ ചെയ്തിട്ടുണ്ടെങ്കിലും പെരുന്പഴുതൂര്‍ ഹൈസ്കൂളിനു മുന്നിലെത്തുന്ന റോഡിലൂടെ സഞ്ചരിച്ചാല്‍ സമയം ലാഭിക്കാം. എന്നാല്‍ ഇതുവഴി യാത്ര ചെയ്തിരുന്ന പലരും സ്വന്തം ആരോഗ്യസ്ഥിതിയും വാഹനങ്ങളുടെ അവസ്ഥയും കണക്കിലെടുത്ത് പാത ഒഴിവാക്കുകയാണ് പതിവ്.
അതേസമയം, റോഡിനു സമീപത്ത് കഴിയുന്നവരെ സംബന്ധിച്ചിടത്തോളം മറ്റൊരു പാതയില്ല. ബാലരാമപുരം- കാട്ടാക്കട റോഡില്‍ എരുത്താവൂരിനടുത്തെ ചെറിയ പാലം മുതല്‍ റസല്‍പുരം വരെയുള്ള പാതയുടെ സ്ഥിതിയും ശോച്യാവസ്ഥയിലാണ് .
പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ റോഡ് അറ്റകുറ്റപ്പണി ചെയ്ത് ഗതാഗതക്ലേശം പരിഹരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.