മെഡിക്കല്‍ കോളജ് കാമ്പസില്‍ മൂന്നിടത്തു മരം വീണു; രണ്ടു കാറുകള്‍ തകര്‍ന്നു
1436962
Thursday, July 18, 2024 3:21 AM IST
മെഡിക്കല്‍കോളജ്: മെഡിക്കല്‍കോളജ് കാന്പസിൽ മൂന്നിടത്തു മരം വീണു. ചാക്കയില്‍നിന്ന് ഒരു യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചുനീക്കി. ഇന്നലെ രാവിലെ 10.30ന് മെഡിക്കല്‍കോളജ് വളപ്പില്‍ മാരുതി ഈക്കോ, ആള്‍ട്ടോ കാറുകള്‍ക്കു മുകളിലൂടെ വേപ്പുമരം വീണതാണ് ഒന്നാമത്തെ സംഭവം.
രോഗികളുടെ കൂട്ടിരിപ്പുകാര്‍ എത്തിയ കാറുകളായിരുന്നു ഇത്. മരംവീണ് കാറുകളുടെ മുന്ഭാഗങ്ങള് തകര്‍ന്നു. ഉച്ചതിരിഞ്ഞ് രണ്ടുമണിയോടുകൂടി തിരുവനന്തപുരം എസ്എടി ആശുപത്രിക്കു സമീപത്തായി ഒടിഞ്ഞുതൂങ്ങിനിന്ന വാകമരത്തിന്റെ ശിഖരം നിലംപൊത്തി.പക്ഷേ നാശനഷ്ടങ്ങളില്ല. വൈകുന്നേരം 3.30ന് ലേഡീസ് ഹോസ്റ്റലിനു സമീപം ഡോക്ടര്‍മാരുടെ ഉപയോഗിക്കാതെ കിടക്കുന്ന ഒരു കെട്ടിടത്തിനു മുകളിലേക്ക് കൂറ്റന്‍ പാതിരിമരം നിലംപൊത്തി.
കെട്ടിടത്തിനു നാശനഷ്ടമുണ്ടാകുകയും ഇലക്ട്രിക് ലൈനുകള്‍ പൊട്ടുകയും ചെയ്തു. ചാക്ക ഫയര്‍സ്റ്റേഷനില്‍നിന്ന് ഗ്രേഡ് സീനിയര്‍ ഫയര്‍ ആൻഡ്് റസ്ക്യു ഓഫീസര്‍ ആര്. രാജേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യൂ ഓഫീസര്‍മാരായ ശംഭു മാധവ്, സുധീഷ്, പൊന്‍രാജ്, ഡ്രൈവര്‍മാരായ ഹരികുമാര്‍, സുബിന്, ഹോംഗാര്‍ഡ് രാജേന്ദ്രപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് വിവിധ സ്ഥലങ്ങളില്‍ വീണ മരശിഖരങ്ങള്‍ നീക്കം ചെയ്തത്.