ഋതുസൗന്ദര്യമായി സൂര്യഗാഥ
1436969
Thursday, July 18, 2024 3:22 AM IST
തിരുവനന്തപുരം: 1955-ൽ ഒരു നിയോഗം പോലെയാണ് ഒ.എൻ.വിയും ജി. ദേവരാജനും കൈകോർത്ത് മലയാള സിനിമയുടെ മണിവാതിൽ തുറന്നെത്തിയത്. കാലം മാറുന്നു എന്ന സിനിമയ്ക്കു വേണ്ടി ഈ സർഗ പ്രതിഭകൾ ഒരുക്കിയ ആ മലർ പൊയ്കയിൽ ആടിക്കളിക്കുന്നന്നൊരോമനത്താമര പൂവേ... കാലത്തെ അതിജീവിച്ച് ഇന്നും മലയാളത്തിന്റെ ഓമൽ സ്വപ്നമായി നിലനില്ക്കുകയാണ്.
സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ വേദിയിൽ ഒഎൻവി ഗായകവൃന്ദം ഈ ഗാനം വീണ്ടും ആലപിച്ചപ്പോൾ അത് മാനത്തിന്റെ ചെങ്കതിർക്കുല ഭൂമിയിൽ പതിച്ചത് പോലെയായി. ജി. ദേവരാജൻ മാസ്റ്ററിൽ തുടങ്ങി ഒഎൻവിയുമായി ആത്മബന്ധമുണ്ടായിരുന്ന ആറു സംഗീത സംവിധായക·ാർക്കൊപ്പം ചേർന്ന് പ്രഫ. ഒഎൻവി കുറുപ്പ് സൃഷ്ടിച്ച അനശ്വര ഗാനങ്ങൾ ഒന്നിനു പുറകെ ഒന്നായി ഒഴുകിയെത്തിയത് വാക്കുകൾക്കപ്പുറമുള്ള അനുഭൂതി പകർന്നു.
പ്രഫ. ഒഎൻവി കുറുപ്പിന്റെ മകനും സംഗീതസംവിധായകനും ഗായകനുമായ രാജീവ് ഒഎൻവിയുടെ ആശയാവിഷ്കാരത്തിലും സംഗീതത്തിലുമാണ് ഋതുകേളി എന്ന സംഗീത പരിപാടി നടന്നത്.
കെ.എസ്. ജോർജും, കെപിഎസി സുലോചനയും ചേർന്നു പാടിയ ആ മലർപൊയ്കയിൽ എന്ന ഗാനത്തിന്റെ ആത്മാവ് ചോരാതെയാണ് രാജീവ് ഒഎൻവി സംഘഗാനമായി മാറ്റിയത്. സ്വപ്നം എന്ന സിനിമയിലെ സൗരയൂഥത്തിൽ വിടർന്നൊരു സൗഗന്ധികമാണീ ഭൂമി... എന്ന ഗാനത്തിലെ വരികൾ ഇരുപതോളം ഗായികാഗായകന്മാർ ആലപിക്കുന്പോൾ വേദിയിൽ സുന്ദര സ്വപ്ന സ്പർശം.... ഒഎൻവി - സലിൽചൗധരി കൂട്ടുകെട്ടിൽ പിറന്നതാണ് വാണി ജയറാമിന്റെ ഈ ആദ്യ മലയാളഗാനം.
ബോംബെ രവിയോട് ചേർന്ന് ഒഎൻവി തീർത്ത നഖക്ഷതങ്ങളിലെ ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണ് നീ... എന്ന ഗാനവും സംഘഗാനസൗന്ദര്യം അനുഭവിപ്പിച്ചു. ഒഎൻവി-എം.ബി.എസ്. ടീമിന്റെ അവിസ്മരണീയ ഗാനമായ ഒരുവട്ടം കൂടിയും.. ജോണ്സണ്ന്റെ മന്ത്രസംഗീതം ഒഎൻവി ഗാനത്തിൽ അലിഞ്ഞപ്പോൾ ഉണർന്ന പൊന്നുരുകം പൂക്കാലം... എന്ന ഗാനവും ഗാനമാലികയിലെ സുവർണ പൂക്കളായി. രവീന്ദ്ര സംഗീതം ആലോലമാക്കിയ ആലിലമഞ്ചലിൽ നീയാടുന്പോൾ... എന്ന സൂര്യഗായത്രിയിലെ ഗാനവും സദസ് വൻ കരഘോഷത്തോടെയാണ് എതിരേറ്റത്.
സംവിധായകരും ഗായകരും ഉൾപ്പെടെ ഗാനമൊരുക്കിയ എല്ലാ പ്രതിഭകൾക്കുമുള്ള സമർപ്പണമായി ഗാനങ്ങൾ നിറയുന്പോൾ സ്ക്രീനിൽ ശില്പികളുടെ ചിത്രങ്ങൾ തെളിഞ്ഞതും ഹൃദയ സ്പർശിയായി. ഒഎൻവിയുടേതുൾപ്പെടെയുള്ള ചിത്രങ്ങൾ പ്രശസ്ത ഫോട്ടോഗ്രഫർ ആർ. ഗോപാലകൃഷ്ണൻ എടുത്തതാണ്. ഒഎൻവിയുടെ ഋതുകേളി എന്ന കവിതയ്ക്ക് അലൗകികമായ ഭംഗി പകർന്ന് കൊണ്ടായിരുന്നു വേദിയിലെ സ്ക്രീനിൽ ഋതുക്കൾ മാറി മാറി വന്നത്.
ഹേമന്തം, ശിശിരം, ശരത്കാലം, ഗ്രീഷ്മം, വർഷം, വസന്തം എന്നീ ഋതുക്കളെ വാരി വാരി അണിഞ്ഞുകൊണ്ടുള്ള പ്രകൃതിയുടെ അനുപമ നൃത്തം ആസ്വാദകർ കണ്ടു. ഒഎൻവിയുടെ വരികൾക്കൊപ്പം ആർ. ഗോപാലകൃഷ്ണൻ ഒരുക്കിയ ദൃശ്യങ്ങൾ ഋതുകേളിയെ അക്ഷരാർഥത്തിൽ സത്യമാക്കി. കാറ്റിൽ ഇളകിച്ചിരിക്കുന്ന ഒരു നൂറു പുഷ്പങ്ങളും, വെള്ളിച്ചിലങ്കയണിഞ്ഞ് കുറുന്പുകാട്ടുന്ന കുളിരരുവിയും, ആർത്തലയ്ക്കുന്ന കടലലകളും മേഘസംഗീതവും വേദിയിൽ ദൃശ്യമായി. പ്രകൃതിയും സ്ത്രീയും ഒന്നാകുന്ന മാന്ത്രികതയും രാഗമാലികയായി രാജീവ് ഒൻവി ഒരുക്കിയ ഋതുകേളിയിൽ അനുഭവപ്പെട്ടു.
വയലാറിന്റെയും പി. ഭാസ്കരന്റെയും തിരുനയിനാർ കുറിച്ചിയുടെയും അനശ്വര ഗാനങ്ങളും എംബിഎസ് സംഗീതം പകർന്ന സുബ്രഹ്മണ്യഭാരതിയുടെ ഓടിവിളയാട് പാപ്പാ... ഉൾപ്പെടെ മറ്റു ഭാഷകളിലെ ഗാനങ്ങളും അവതിപ്പിക്കപ്പെട്ടു. ഇന്ത്യൻ നാഷണൽ ആർമിയുടെ മുദ്രാഗാനമായ കദംകദം ബഡായെ ജാ.... തുടങ്ങിയ ദേശഭക്തി ഗാനങ്ങളിൽ കോറസ് സംഗീതത്തിന്റെ ശക്തി അലയടിച്ചു. സൂര്യാഗ്നിയായി ഒഎൻവി ജ്വലിക്കുന്ന സൂര്യഗീതത്തോടെയായിരുന്നു തുടക്കം.
സ്വന്തം ലേഖിക