പിതൃപുണ‍്യം തേടി...
Sunday, August 4, 2024 5:58 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : പൂ​ര്‍​വ​സൂ​രി​ക​ളാ​യ ആ​ത്മാ​ക്ക​ള്‍​ക്ക് നി​ത്യ​ശാ​ന്തി​യേ​ക​ണേ എ​ന്ന പ്രാ​ര്‍​ഥ​ന​യോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ലെ വി​വി​ധ സ്നാ​ന​ഘ​ട്ട​ങ്ങ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ പി​തൃ​ത​ര്‍​പ്പ​ണം ന​ട​ത്തി.

അ​രു​വി​പ്പു​റ​ത്തെ ക​ട​വി​ല്‍ ഒ​രേ സ​മ​യം അ​ഞ്ഞൂ​റു പേ​ര്‍​ക്ക് പി​തൃ​ത​ര്‍​പ്പ​ണം ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രു​ന്നു. ശ്രീ​നാ​രാ​യ​ണ​ഗു​രു പ്ര​ഥ​മ പ്ര​തി​ഷ്ഠ ന​ട​ത്തി​യ അ​രു​വി​പ്പു​റ​ത്ത് പ​തി​വു​പോ​ലെ ഇ​ക്കു​റി​യും നി​ര​വ​ധി പേ​ര്‍ ബ​ലി​ത​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍​ക്കാ​യി എ​ത്തി.

ചെ​ങ്ക​ല്‍ ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്രം, രാ​മേ​ശ്വ​രം ശ്രീ ​മ​ഹാ​ദേ​വ​ർ ക്ഷേ​ത്രം, പാ​ല​യ്ക്കാ​പ​റ​മ്പ് ശ്രീ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്രം, പു​തി​ച്ച​ൽ ശ്രീ ​അ​യ​ണി​ഊ​ട്ടു ത​മ്പു​രാ​ന്‍ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ ക​ര്‍​ക്ക​ട​ക വാ​വു​ബ​ലി പ്ര​മാ​ണി​ച്ച് നി​ര​വ​ധി പേ​ര്‍ പി​തൃ​ത​ര്‍​പ്പ​ണം ന​ട​ത്തി.

നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര ഡാം ​സൈ​റ്റി​ൽ നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി . പു​ല​ർ​ച്ചെ നാ​ലു മു​ത​ൽ ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. ഡാ​മി​ന് സ​മീ​പ​മു​ള്ള ബ​ലി​മ​ണ്ഡ​പം, പ​ഴ​യ​പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ചെ​ക്ക് ഡാം ​എ​ന്നി​വി​ട​ങ്ങ​ളി​ൽ ച​ട​ങ്ങു​ക​ൾ ന​ട​ത്തി.


വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നും കെ​എ​സ്ആ​ർ​ടി​സി പു​ല​ർ​ച്ചെ മു​ത​ൽ സ​ർ​വീ​സ് ന​ട​ത്തി.

നേ​മം: ക​ർ​ക്കി​ട​ക​വാ​വു​ബ​ലി​ക്ക് നേ​മ​ത്തെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ ആ​യി​ര​ങ്ങ​ൾ ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി. ക​ര​മ​ന​യാ​റി​ന്‍റെ​യും വെ​ള്ളാ​യ​ണി കാ​യ​ൽ തീ​ര​ത്തി​ലെ​യും ക്ഷേ​ത്ര​ങ്ങ​ളി​ൽ വ​ൻ തി​ര​ക്കാ​യി​രു​ന്നു. പു​ല​ർ​ച്ചെ മൂ​ന്ന് മു​ത​ൽ പ​ല ക്ഷേ​ത്ര​ങ്ങ​ളി​ൽ ച​ട​ങ്ങു​ക​ൾ ന​ട​ന്നു.

പ​ല​യി​ട​ത്തും ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തു​ന്ന​തി​ന് ആ​ളു​ക​ളു​ടെ നീ​ണ്ട ക്യൂ​വാ​യി​രു​ന്നു. കൈ​മ​നം മ​ഹാ​വി​ഷ്ണ​ക്ഷേ​ത്രം, തൃ​ക്ക​ണ്ണാ​പു​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, വെ​ള്ളാ​യ​ണി​ശി​വോ​ദ​യം ക്ഷേ​ത്രം, വെ​ള്ളാ​യ​ണി ഊ​ക്കോ​ട് ചെ​റു​ബാ​ല മ​ന്ദം ക്ഷേ​ത്രം തു​ട​ങ്ങി​യ ക്ഷേ​ത്ര​ങ്ങ​ളി​ൽ എ​ല്ലാം ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ന​ട​ന്നു.

വി​ഴി​ഞ്ഞം : പു​ണ്യാ​ത്മാ​ക്ക​ളു​ടെ മോ​ക്ഷ പ്രാ​പ്തി​ക്കാ​യി ബ​ലി​ത​ർ​പ്പ​ണം ന​ട​ത്താ​ൻ വി​ഴി​ഞ്ഞം ക​ട​ൽ​ക്ക​ര​യി​ൽ ആ​യി​ര​ങ്ങ​ൾ എ​ത്തി. തീ​ര​ദേ​ശ​പോ​ലീ​സും , മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റും പോ​ലീ​സും, ലൈ​ഫ് ഗാ​ർ​ഡു​ക​ളും സു​ര​ക്ഷ യൊ​രു​ക്കി.