വി​നീ​ത കൊ​ല​ക്കേ​സ്: മ​ക​ളു​ടെ മൃ​ത​ദേ​ഹം കാ​ണാ​ൻ ധൈ​ര്യ​മി​ല്ലാ​യി​രു​ന്നെ​ന്ന് അ​മ്മ
Sunday, September 8, 2024 6:16 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടു തി​രി​ച്ച​റി​യാ​ൻ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ച​പ്പോ​ൾ ആ ​കാ​ഴ്ച കാ​ണാ​നു​ള്ള ധൈ​ര്യം ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് താ​ൻ അ​വി​ടെ ത​ള​ർ​ന്ന് ഇ​രു​ന്നെ​ന്ന് കൊ​ല്ല​പ്പെ​ട്ട വി​നീ​ത​യു​ടെ അ​മ്മ രാ​ഗി​ണി കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. പേ​രൂ​ർ​ക്ക​ട​യി​ലെ അ​ല​ങ്കാ​രച്ചെടി വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ർ സ്വ​ദേ​ശി​നി വി​നീ​ത​യു​ടെ കൊ​ല​പാ​ത​ക​ക്കേ​സ് വി​ചാ​ര​ണ വേ​ള​യി​ലാ​ണ് അ​മ്മ മൊ​ഴി ന​ൽ​കി​യ​ത്.

ഏ​ഴാം അ​ഡീഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി പ്ര​സൂ​ണ്‍ മോ​ഹ​ന​നാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും വി​തു​ന്പി​കൊ​ണ്ടാ​ണ് രാ​ഗി​ണി കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യ​ത്. ത​നി​ക്ക് മൃ​ത​ദേ​ഹം കാ​ണാ​നു​ള്ള ധൈ​ര്യം ഇ​ല്ലാ​തി​രു​ന്ന​പ്പോ​ൾ മ​ക​ൻ വി​നോ​ദ് മൃ​ത​ദേ​ഹം ക​ണ്ടു തി​രി​ച്ച​റി​ഞ്ഞ​താ​യി രാ​ഗി​ണി പറഞ്ഞു.

വി​നീ​ത​യു​ടെ മൃ​ത​ദേ​ഹം കാ​ണു​ന്പോ​ൾ അ​വ​രു​ടെ മാ​ല ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു സ​ഹോ​ദ​ര​ൻ വി​നോ​ദ് മൊ​ഴി ന​ൽ​കി. വി​നീ​ത​യു​ടെ മൃ​ത​ദേ​ഹം താ​നാ​ണ് ആ​ദ്യം ക​ണ്ട​തെ​ന്നും ക​ട​യു​ട​മ തോ​മ​സ് മാ​മ​ൻ ക​ട​യി​ൽ വി​നീ​ത​യെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​യ​ൽ​വീ​ട്ടി​ൽ നി​ന്നെ​ത്തി​യ താ​നും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കാ​ളി​യാ​യി.


ക​ട​യി​ലെ കാ​ർ ഷെ​ഡി​ൽ ഫ്ള​ക്സ് ഷീ​റ്റിട്ടു മൂ​ടി​യ നി​ല​യി​ൽ വി​നീ​ത​യു​ടെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ടെ​ന്നും അ​പ്പോ​ൾ വി​നീ​ത സ്ഥി​ര​മാ​യി ധ​രി​ച്ചി​രു​ന്ന മാ​ല ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സ​ഹജീ​വ​ന​ക്കാ​രി പാ​ലോ​ട് ആ​റ്റു​മ​ണ​ൽ സ്വ​ദേ​ശി​നി സു​നി​തയും മൊ​ഴി ന​ൽ​കി. വി​നീ​ത​യു​ടെ ക​ഴു​ത്തി​ലെ മാ​ല ക​വ​രു​ന്ന​തി​നാ​യി പ്ര​തി ക​ന്യാ​കു​മാ​രി വള്ളമ​ഠം സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ വി​നീ​ത​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

സം​ഭ​വ ദി​വ​സം പ്ര​തി ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ മു​ട്ട​ട​യു​ള്ള കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ ക​ഴി​യു​മോ എ​ന്നു ചോ​ദി​ച്ച് ത​ന്നെ സ​മീ​പി​ച്ച​താ​യി മു​ട്ട​ട അ​ല​പ്പു​റം കു​ള​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന സി​ജി​ൻ ജേ​ക്ക​ബ് സ​ക്ക​റി​യ മൊ​ഴി ന​ൽ​കി. കു​ള​ത്തി​ന് സ​മീ​പ​ത്തുനി​ന്നു സാ​ക്ഷി​യെ ഉ​ള്ളൂരി​ൽ എ​ത്തി​ച്ച​താ​യി ഓ​ട്ടോ റി​ക്ഷ ഡ്രൈ​വ​ർ മു​ട്ട​ട സ്വ​ദേ​ശി ബൈ​ജു​വും മൊ​ഴി ന​ൽ​കി.