പരിവർത്തനം സൃഷ്ടിക്കപ്പെടുമ്പോൾ വിദ്യാഭ്യാസ പ്രക്രിയക്ക് പ്രസക്തി വർധിക്കും: കെ.ജയകുമാർ
1459302
Sunday, October 6, 2024 5:54 AM IST
തിരുവനന്തപുരം: സമൂഹത്തിൽ പരിവർത്തനം സൃഷ്ടിക്കപ്പെടുമ്പോഴാണ് വിദ്യാഭ്യാസ പ്രക്രീയക്ക് പ്രസക്തി ഏറുന്നതെന്ന് ഐഎംജി ഡയറക്ടർ കെ. ജയകുമാർ അഭിപ്രായപെട്ടു. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷത്തി ന്റെയും അന്താരാഷ്ട്ര അധ്യാപക ദിനാചരണത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താൻ വിദ്യാർഥിയായിരിക്കുമ്പോൾ സെന്റ് ഗൊരേറ്റീസ് സ്കൂളിൽ നടത്തിയ ആദ്യ പ്രസംഗഅനുഭവവും അദ്ദേഹം പങ്കുവച്ചു. തീർത്തും പരാജയമായി തീർന്ന ആ പ്രസംഗത്തിൽ നിന്ന് തനിക്ക് ആത്മവിശ്വാസം പകർന്ന അധ്യാപകരെ ഇന്നും അഭിമാനപൂർവമാണ് ഓർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാർ ഈവാനിയോസ് കാമ്പസിലെ അനുഭവങ്ങളാണ് സാഹിത്യ രംഗത്തേക്ക് തന്നെ വളർത്തി എടുത്തതെന്നും ജയകുമാർ പറഞ്ഞു. 25 വർഷം സർവീസ് പൂർത്തീകരിച്ച അധ്യാപകരേയും ജീവനക്കാരേയും ചടങ്ങിൽ കെ. ജയകുമാർ അനുമോദിച്ചു.
അന്താരാഷ്ട്ര അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വൺഡേ അധ്യാപക വിദ്യാർഥികളെയും യോഗത്തിൽ അഭിനന്ദിച്ചു. വികാരി ജനറാളും എംഎസ്സി സ്കൂൾ കറസ്പോണ്ടന്റു മായ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ, പിടിഎ പ്രസിഡന്റ് ഡോ. ജോജു ജോൺ, പ്രഥമ സ്കൂൾ പ്രിൻസിപ്പൽ കെ.ഒ.തോമസ്, വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗീസ്, ബർസാർ ഫാ. നിതീഷ് വല്യയ്യത്ത് , സ്കൂൾ ലീഡർ മഹാദേവൻ എന്നിവർ പ്രസംഗിച്ചു.