നടപ്പാതയിലെ ഇളക്കിമാറ്റിയ ടൈലുകൾ കാൽനടക്കാർക്ക് ദുരിതമാകുന്നു
1459990
Wednesday, October 9, 2024 8:05 AM IST
പേരൂര്‍ക്കട: തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള പേരൂര്‍ക്കട-ഊളമ്പാറ റോഡിൽ കാൽനടയാത്രക്കാർക്കു ദുരിതം. കഴിഞ്ഞ ഒരുമാസമായി റോഡരികിലെ നടപ്പാതയിലെ ഇന്റർലോക്കുകൾ ഇളക്കിയിട്ടിരിക്കുന്ന നിലയിലെന്ന് പരാതി.
കാലപ്പഴക്കംചെന്ന ഇന്റര്‍ലോക്ക് ടൈലുകള്‍ ഇളക്കി പുതിയതു സ്ഥാപിക്കുന്ന പണി അവതാളത്തിലായതാണ് കാരണം. ടൈലുകള്‍ തോന്നുപടിയാണ് ഇപ്പോള്‍ നടപ്പാതയിൽ ഇളകിക്കിടക്കുന്നത്.
ടൈലുകൾ ഇളകികിടക്കാൻ തുടങ്ങിയതോടെ വിദ്യാർഥികളും വയോധികരുമടക്കമുള്ള കാൽനടയാത്രക്കാർ ദുരിതത്തിലെന്ന് നാട്ടുകാർ. പഴയ ടൈലുകള്‍ വ്യാപകമായി ഇളക്കിമാറ്റിയിട്ടുണ്ടെങ്കിലും പുതിയതു സ്ഥാപിക്കുന്നതിനുള്ള ലക്ഷണമൊന്നും എവിടെയും കാണുന്നില്ല.
പോലീസ് ആസ്ഥാനം വരെയാണ് ടൈലുകള്‍ മാറ്റിസ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. പട്ടാള കാന്റീന്, പെട്രോള്‍ പമ്പ്, സ്കൂള്‍, നിരവധി വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ റോഡുവശത്ത് സ്ഥിതിചെയ്യുന്നുണ്ട്.
ഇളക്കി മാറ്റിയിട്ടിരിക്കുന്ന പഴയ ടൈലുകള്‍ കാല്‍നടയാത്രികര്‍ക്ക് അപകടാവസ്ഥ ഉണ്ടാക്കുമെന്നതിനാല്‍ എത്രയും വേഗം ഇന്റര്‍ലോക്ക് ടൈലുകള്‍ പുതിയതു സ്ഥാപിച്ച് നടപ്പാതയുടെ പണി പൂര്‍ത്തീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.