പൂജപ്പുര ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് വർധിക്കുന്നതായി യാത്രക്കാർ
1459994
Wednesday, October 9, 2024 8:05 AM IST
പേരൂര്‍ക്കട: പൂജപ്പുര, വേട്ടമുക്ക് റോഡുകള്‍ ചേരുന്ന ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് വർധിക്കുന്നതായി പരാതി. രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു.
പൂജപ്പുരയില്‍ നിന്നു വരുന്ന വാഹനങ്ങളും മലയിന്‍കീഴ്, കുണ്ടമണ്‍കടവ് ഭാഗങ്ങളിലൂടെ വരുന്ന വാഹനങ്ങളും തിരുമലയില്‍നിന്ന് തിരുവനന്തപുരം നഗരത്തിലേക്കു വരുന്ന വാഹനങ്ങളും സന്ധിക്കുന്ന മൂന്നുറോഡുകളുടെ സംഗമഭാഗത്ത് ഒരു പാര്‍ക്ക് സ്ഥിതിചെയ്യുന്നുണ്ട്. പൊതുവെ വീതി കുറഞ്ഞതാണ് മൂന്നു റോഡുകളും. മലയിന്‍കീഴ്, കുണ്ടമണ്‍കടവ് ഭാഗങ്ങളില്‍ നിന്നുവരുന്ന വാഹനങ്ങളാണ് കൂടുതലും ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത്.
നഗരത്തിലേക്കു പോകുന്ന മറ്റുള്ള വാഹനങ്ങള്‍കൂടി വന്നുചേരുന്നതോടെ ഒന്നര കിലോമീറ്ററോളം നീളുന്ന കുരുക്കാണ് മിക്കദിവസങ്ങളിലും കണ്ടുവരുന്നത്. ഇവിടങ്ങളിൽ ട്രാഫിക് പോലീസിന്റെ സേവനം ഉണ്ടെങ്കിലും ഫലപ്രദമാകാറില്ലെന്നാണ് ആക്ഷേപം.
പൂജപ്പുരയില്‍ നിന്നു വരുന്ന വാഹനങ്ങളും മലയിന്‍കീഴ് നിന്നു വരുന്ന വാഹനങ്ങളും പാര്‍ക്കിനെ ചുറ്റിയാണ് സഞ്ചരിക്കുന്നത്. വേഗത്തില്‍ പോകാന്‍ കഴിയാത്തതിനാല്‍ ഇവിടെ വാഹനങ്ങളുടെ കുരുക്കഴിക്കുക പ്രയാസമാണ്. മിക്കപ്പോഴും വാഹനയാത്രികര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഇതു കാരണമാകാറുണ്ട്.
ട്രാഫിക് ലൈറ്റുകള്‍ ഇവിടെ സ്ഥാപിക്കുക ഫലപ്രദമല്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാവിലെ ഏഴു മുതല്‍ 11 വരെയും വൈകുന്നേരം മൂന്ന് മുതല്‍ എട്ടുവരെയും പൂജപ്പുരയിലെ ഗതാഗതക്കുരുക്ക് അഴിയാക്കുരുക്കായി തുടരുകയാണ്.