വ്യക്തിവിരോധം: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ആൾ പിടിയില്‍
1460000
Wednesday, October 9, 2024 8:05 AM IST
മെഡിക്കല്‍കോളജ്: വ്യക്തിവിരോധം മൂലം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. തമ്പാനൂര്‍ രാജാജി നഗര്‍ സ്വദേശി റാഫി (55) ആണ് പിടിയിലായത്.
കഴിഞ്ഞദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. രാജാജി നഗര്‍ ഫ്ളാറ്റ് നമ്പര്‍ 228ല്‍ താമസിക്കുന്ന ജെ. ജയലാല്‍ (34) ആണ് ആക്രമണത്തിനിരയായത്. മുമ്പ് ജയലാലിന്റെ പിതാവും റാഫിയുടെ സുഹൃത്തും തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നു. ഇതു ജയലാല്‍ പറഞ്ഞുവിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമായത്.
സംഭവദിവസം വൈകുന്നേരം മൂന്നുമണിയോടുകൂടി ഫ്ളാറ്റിനു സമീപത്തുകൂടി പോകുകയായിരുന്ന ജയലാലിനെ റോഡുവശത്തു കിടന്ന കുപ്പിയെടുത്ത് പൊട്ടിച്ചശേഷം കുത്താന്‍ ശ്രമിച്ച റാഫി തെന്നി താഴെ വീഴുകയും ജയലാലിന്റെ കാലില്‍ കുത്തുകയുമായിരുന്നു. ആക്രമണത്തില്‍ യുവാവിന്റെ കാല്‍ഞരമ്പ് അറ്റുപോയി. കൊലപാതകശ്രമത്തിനാണ് പോലീസ് കേസെടുത്തത്. കന്റോൺമെന്റ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.