പിഎംഎവൈ (നഗരം) ലൈഫ് പദ്ധതി: കുടുംബശ്രീ 89,424 വീടുകൾ നിർമിച്ചു നൽകി
1460001
Wednesday, October 9, 2024 8:05 AM IST
തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പിഎംഎവൈ (നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതുവരെ നിർമാണം പൂർത്തിയാക്കിയത് 89424 വീടുകൾ. ആകെ 1,32,327 വീടുകൾ നിർമിക്കാൻ 5293.08 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രാനുമതി. ഇപ്രകാരം അനുമതി ലഭിച്ചതിൽ നിർമാണം ആരംഭിച്ച 1,12,628 വീടുകളിൽ 89,424 എണ്ണത്തിന്റെ നിർമാണമാണ് പൂർത്തിയായത്. ബാക്കിയുള്ള 23,204 വീടുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. 2025 മാർച്ച് 31ന് മുന്പായി ഇവയുടെ നിർമാണവും പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
മൂന്നു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള ഭവനരഹിതരായ കുടുംബങ്ങൾക്കു വീട് നിർമിക്കുന്നതിനു നാലു ലക്ഷം രൂപയാണ് പദ്ധതി വഴി ലഭിക്കുക. ഇതിൽ നഗരസഭാ വിഹിതമായി രണ്ടുലക്ഷം രൂപയും കേന്ദ്ര വിഹിതമായി ഒന്നര ലക്ഷം രൂപയും സംസ്ഥാന വിഹിതമായി അന്പതിനായിരം രൂപയും ഗുണഭോക്താവിനു ലഭിക്കും.
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി പദ്ധതി വഴിയും ഒട്ടേറെ ഗുണഭോക്താക്കൾക്ക് സ്വന്തം ഭവനം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഗുണഭോക്താക്കൾക്ക് സ്വന്തമായി വീടു നിർമിക്കുന്നതിനോ വാങ്ങുന്നതിനോ ബാങ്കിൽനിന്നും വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇതുവരെ 33,293 കുടുംബങ്ങൾക്ക് ഇപ്രകാരം വായ്പ ലഭ്യമാക്കി. ഇതു കൂടാതെ ലൈഫ് മിഷനുമായി സഹകരിച്ചുകൊണ്ട് ഭൂരഹിത ഭവനരഹിതർക്കു വേണ്ടി 970 യൂണിറ്റുകൾ ഉൾപ്പെടുന്ന 11 ഭവന സമുച്ചയങ്ങൾ നിർമിക്കുന്നതിനുള്ള അനുമതിയും കുടുംബശ്രീ നേടിയെടുത്തിരുന്നു. ഇതിൽ 530 യൂണിറ്റുകളുടെ നിർമാണവും പൂർത്തിയായതായി കുടുംബശ്രീ എക് സിക്യൂട്ടീവ് ഡയറക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു.