ശാന്തിഗിരി ഫെസ്റ്റ് ശ്രീകരുണാകരഗുരുവിന്റെ മഹത്തായ ദര്‍ശനങ്ങളുടെ പ്രതിഫലനം: ഗവർണർ
1460196
Thursday, October 10, 2024 7:06 AM IST
പോത്തൻകോട്: നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ദര്‍ശനങ്ങള്‍ ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെന്ന ഏകാത്മസിദ്ധാന്തമാണ്. ഗുരുവിന്റെ നൂറാം ജന്മദിനാഘോഷങ്ങള്‍ക്കു മുന്നോടിയായി സംഘടിപ്പിക്കുന്ന ശാന്തിഗിരി ഫെസ്റ്റിലൂടെ ഗുരുവിന്റെ ആത്മീയദര്‍ശനങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ കൂടുതല്‍ പ്രതിഫലിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പോത്തൻകോട് തുടക്കമായ ശാന്തിഗിരി ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.
ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻനായർ, മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയൻ, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, മാണിക്കല്‍ പഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്. സഹീറത്ത് ബീവി, ശാന്തിഗിരി ആത്മവിദ്യാലയം പ്രിൻസിപ്പൽ മെന്റർ ഡോ. ജി.ആർ.കിരൺ, അഡ്വൈസർ സബീർ തിരുമല എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വൈകുന്നേരം ആറിനു ഫെസ്റ്റ് നഗരിയില്‍ എത്തിയ ഗവർണറെ ഗുരുധർമപ്രകാശസഭയിലെ അംഗങ്ങൾ ചേർന്നു സ്വീകരിച്ചു. ഉദ്ഘാടനത്തിനു ശേഷം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഒരുക്കിയ കലാസന്ധ്യയും അരങ്ങേറി.
പ്രദർശന വിപണനമേളകൾക്ക് പുറമെ പ്രമുഖ പത്ര-ദൃശ്യ മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മെഗാഷോകൾ, വിശ്വസംസ്ക്രൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കലാകാരൻമാരെ ഉൾപ്പെടുത്തി നടത്തുന്ന കലാഞ്ജലി, ജനകീയ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകൾ, സാഹിത്യോത്സവം, മാധ്യമ സെമിനാറുകൾ, സംവാദങ്ങൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. ഇന്ന് വൈകുന്നേരം ആറിനു കലാഞ്ജലി വേദിയിൽ യു.കെ. ബ്രദേഴ്സ് അവതരിപ്പിക്കുന്ന ദഫ് മുട്ട്, സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ ഗായകർ നടത്തുന്ന ഗാനകൈരളി എന്നിവയും ഉണ്ടാകും.