വിദ്യാര്‍ഥികള്‍ മാറ്റത്തിന്റെ ചാലകശക്തി ആകണം: ആര്‍ച്ച്ബിഷപ് തോമസ് ജെ. നെറ്റോ
1461153
Tuesday, October 15, 2024 1:20 AM IST
തിരുവനന്തപുരം: സമൂഹത്തില്‍ നടക്കുന്ന അനീതിക്കും അക്രമത്തിനുമെതിരേ മാറ്റത്തിന്റെ ചാലകശക്തിയാകുന്നതിനു വിദ്യാര്‍ഥികള്‍ക്കു കഴിയണമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ. തിരുവനന്തപുരം ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ ഓള് ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷന്റെ (ഐക്കഫ്) യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. അനീതിയും മൂല്യച്യുതിയും വംശീയയുദ്ധങ്ങളും ലോകസമാധാനത്തിനു തന്നെ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ നീതിയുടെ പ്രവാചകരാകുവാന്‍ യുവാക്കള്‍ മുന്നോട്ടു വരണം. ഐക്കഫ് പോലുള്ള പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ യുവാക്കള്‍ക്ക് പ്രചോദനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഐഎഎസ് ഓഫീസര്‍ ലിഡാ ജേക്കബ്, ജെസ്യുട്ട് സഭ പ്രൊവിന്‍ഷ്യാല്‍ ഫാ. ഇ.പി. മാത്യു, ഐക്കഫ് സംസ്ഥാന അഡൈ്വസര്‍ ഫാ. ബേബി ചാലില്‍, ഫാ. സാബു പാലത്തിനടിയില്‍, ഫാ. സണ്ണി ജോസ്, ജോയ് തോമസ്, പുഷ്പ ബേബി തോമസ്, ജോഷിന് ജോസ്, ആര്യ, സിയാ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.