നവജാത ശിശുക്കളുടെ പരിചരണത്തിന് കൂടുതൽ കരുതൽ പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു
1264398
Friday, February 3, 2023 12:13 AM IST
മലപ്പുറം: നവജാത ശിശുക്കളുടെ പരിചരണത്തിന് കൂടുതൽ കരുതൽ നൽകുന്ന എച്ച്ബിഎൻസി (ഹോം ബേസ്ഡ് കെയർ ഓഫ് ന്യൂബോണ്) പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. ആശുപത്രി ഡിസ്ചാർജിനു ശേഷം പരിചരണവും അതീവശ്രദ്ധയും ആവശ്യമുള്ള, മാസം തികയാതെ ജനിച്ചവരും തൂക്കം കുറഞ്ഞവരുമായ നവജാത ശിശുക്കൾക്ക് പരിചരണം ഉറപ്പാക്കുന്ന പദ്ധതിയാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. ഒരു കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളർച്ചയെ ആദ്യത്തെ ആയിരം ദിനങ്ങൾ (ഗോൾഡൻ ഡേയ്സ്) സ്വാധീനിക്കുന്നു. കൃത്യമായ വളർച്ചാ നിരീക്ഷണം, ഭക്ഷണരീതികൾ, പ്രതിരോധ കുത്തിവെയ്പ്പുകൾ, വൃത്തിയോട് കൂടിയ ശിശുപരിചരണം എന്നിവ ഉറപ്പാക്കാൻ പരിശീലനം ലഭിച്ച ആശമാർ കൃത്യമായ ഇടവേളകളിൽ വീടുകളിലെത്തി രക്ഷിതാക്കളെ സജ്ജരാക്കും. ജില്ലയിലെ ട്രൈബൽ, തീരദേശ, നഗരചേരി പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കും.
ഇതിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യപ്രവർത്തകരായ ജെപിഎച്ച്എൻ, പിആർഒ എന്നിവർക്ക് പരിശീലനം നൽകി. പരിശീലന പരിപാടി ഡിഎംഒ ഡോ.ആർ.രേണുക ഉദ്ഘാടനം ചെയ്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അനൂപ് ടി.എൻ.അധ്യക്ഷത വഹിച്ചു. പദ്ധതി ജനങ്ങളിലേക്ക് എത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആർസിഎച്ച് ഓഫീസർ ഡോ.പമീലി എൻ.എൻ.സംസാരിച്ചു. ശിശുരോഗ വിദഗ്ദരായ ഡോ.രഞ്ജിത്ത്, ഡോ.രാജേഷ്, ജില്ലാ മാസ് മീഡിയ ഓഫീസർ പി.രാജു എന്നിവർ ക്ലാസുകൾ എടുത്തു.