മഞ്ചേരിയിൽ അതിദാരിദ്ര്യ നിർമാർജന പദ്ധതിക്ക് തുടക്കമായി
1265205
Sunday, February 5, 2023 11:17 PM IST
മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുത്ത 103 കുടുംബങ്ങൾക്കായി നടത്തുന്ന അതിദാരിദ്ര്യ നിർമാർജന മൈക്രോ പ്ലാൻ പദ്ധതിക്ക് തുടക്കമായി.
103 കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയിൽ മരുന്നുകൾ, ഭവന നിർമാണം, വീട് റിപ്പയർ, ഭൂ-ഭവന രഹിതർക്ക് ഭൂമിയും വീടും, സ്വയം തൊഴിൽ സംരംഭ സഹായം, വിദ്യാഭ്യാസ സഹായം, കുടിവെള്ളം തുടങ്ങിയവക്കാണ് പഞ്ചായത്ത് പണം നീക്കിവയ്ക്കുന്നത്.
പഞ്ചായത്ത് കൈവശമുള്ള ഭൂമിയിൽ നിന്നു ഈ ലിസ്റ്റിൽ ഭൂമിയില്ലാത്ത അഞ്ചു പേർക്ക് അഞ്ചു സെന്റ് വീതം ഭൂമി നൽകുമെന്നു പ്രസിഡന്റ് അറിയിച്ചു. പദ്ധതിക്ക് പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എൻ.പി ഷാഹിദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം.എസ്.എ അൻവർ കോയ തങ്ങൾ, മഞ്ജുഷ ആമയൂർ, സെക്രട്ടറി സാജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.പി മുഹമ്മദ്, അസിസ്റ്റന്റ് സെക്രട്ടറി എന്നിവർ പ്രസംഗിച്ചു.